കൊച്ചി: മത്സരത്തിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ ബ്‌ളാസ്റ്റേഴ്‌സ് താരങ്ങളുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. അതേസമയം ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏഷ്യാനെറ്റ് ന്യുസിലൂടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞു. ടീമിന്റെ ഒത്തിണക്കമാണ് കിരീട നേട്ടത്തിന് പിന്നിലെന്ന് കൊല്‍ക്കത്ത ടീം ഉടമ സൗരവ് ഗാംഗുലിയും പറഞ്ഞു. മത്സരശേഷം അദ്യം ഹോട്ടലിലെത്തിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് മാധ്യമങ്ങളെ കാണാതെ മടങ്ങിയ സച്ചിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് മനസ്സ് തുറന്നു. മികച്ച ഫോമില്‍ കളിച്ച ബ്‌ളാസ്റ്റേഴ്‌സ് വരുന്ന സീസണില്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് ഐഎസ്എല്‍ അധ്യക്ഷ നിതാ അംബാനിയും പ്രതികരിച്ചു. കൊച്ചിയിലെ ആരാധകരെ പ്രശംസിച്ച അത്‌ലറ്റികോ ഉടമ സൗരവ് ഗാഗുലി ടീമിന്റെ ഒത്തിണക്കമാണ് കിരീട നേട്ടത്തിന് പിന്നിലെന്ന് പറഞ്ഞു. അവസാനമെത്തിയ ബ്‌ളാസ്റ്റേഴ്‌സ് താരങ്ങളാരും പ്രതികരിച്ചില്ല. എല്ലാവരുടെയും മുഖത്ത് നിരാശയും പ്രകടമായിരുന്നു. നേരേ ഹോട്ടല്‍ ലോബിയില്‍ തയ്യാറാക്കിരുന്ന രാത്രി ഭക്ഷണവും കഴിച്ച് വിശ്രമത്തിലേക്ക്...