കൊച്ചി: ഐഎസ്എല്ലില്‍ ജീവന്‍മരണപ്പോരാട്ടത്തില്‍ ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടിവന്നത് ചെന്നൈ ഗോളി കരണ്‍ജിത് സിംഗിന്റെ മുന്നിലാണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. കരണ്‍ജിത്താണ് ഈ കളിയിലെ കേമന്‍. ഞങ്ങള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. അതെല്ലാം ഗോളിലേക്ക് ലക്ഷ്യം വെക്കുകയും ചെയ്തു. എന്നാല്‍ അതെല്ലാം അവര്‍ തടഞ്ഞിടുകയും ചെയ്തു. ടീമിന്റെ പ്രകടനത്തെ കുറ്റം പറയാനാവില്ല. എങ്കിലും ജയിക്കാനാവാത്തതില്‍ അസ്വസ്ഥനാണ്.

പെനല്‍റ്റി കിക്ക് നഷ്ടമാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തമാശരൂപത്തിലായിരുന്നു ഡേവിഡ് ജെയിംസിന്റെ മറുപടി. ഇയാന്‍ ഹ്യൂമിന് പരിക്കേറ്റതിനാല്‍ ആ കിക്ക് എടുക്കാന്‍ മറ്റ് പത്ത് സാധ്യതകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ആരെങ്കിലും അത് എടുത്തേ പറ്റൂ. അതുകൊണ്ടാണ് പെക്കൂസന്‍ കിക്കെടുത്തത്. വമ്പന്‍ ജയം നേടാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. അത് നഷ്ടമായി.

മുംബൈ ജയിച്ചുകൊണ്ടിരിക്കുന്നു. ഗോവയും ജംഷഡ്പൂരും വെല്ലുവിളിയായി ഉണ്ട്. അടുത്ത മത്സരം ജംഷഡ്പൂര്‍ തോറ്റാല്‍ നന്നായിരിക്കും. ചെന്നൈക്കെതിരെ ജയിക്കാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്തു. പക്ഷെ കരണ്‍ജിത്തിന് മുന്നില്‍ എല്ലാം തകര്‍ന്നു-ജെയിംസ് പറഞ്ഞു.