ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന പരമ്പരയോടെയാണ് 2018ന് തുടക്കമായത്. ടീം ഇന്ത്യ, ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുമ്പോൾ ടെസ്റ്റിലെ ആധിപത്യം അരക്കിട്ടുറപ്പിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാൽ ആദ്യ ടെസ്റ്റിൽ തോറ്റതോടെ ഇന്ത്യ പരമ്പരയിൽ 0-1ന് പിന്നിലാണ്. ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ ഒരവസരത്തിൽ മൂന്നിന് 12 എന്ന നിലയിലേക്ക് വീഴ്ത്തിയെങ്കിലും ഡിവില്ലിയേഴ്സിലൂടെ തിരിച്ചടിച്ച ദക്ഷിണാഫ്രിക്ക ആശിച്ച തുടക്കം സ്വന്തമാക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യ ഇന്നിംഗ്സിൽ 286 എന്നത് മികച്ച സ്കോര്‍ ആയിരുന്നു. മറുപടി ബാറ്റിങിൽ 100 റണ്‍സ് തികയുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ ഏഴു വിക്കറ്റുകള്‍ നഷ്‌ടമാകുകയും ഹര്‍ദ്ദിക് പാണ്ഡ്യയുടെ വീരോചിത പോരാട്ടത്തിലൂടെ 209 റണ്‍സ് നേടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്സിൽ 130 റണ്‍സിന് ചുരുട്ടിയെങ്കിലും 208 എന്ന വിജയലക്ഷ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഹാമേരുവായിരുന്നു. 135ന് ഓള്‍ഔട്ടായ ഇന്ത്യ വഴങ്ങിയത് 72 റണ്‍സിന്റെ തോൽവി. ഇന്ത്യ തോറ്റതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ടീം സെലക്ഷൻ

പരിചയസമ്പന്നരായ ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ക്ക് പകരം പരിമിത ഓവര്‍ സ്പെഷ്യലിസ്റ്റായ ജസ്‌പ്രിത് ബൂംറയെ ടീമിൽ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയിലേതുപോലെയുള്ള പേസ് പിച്ചിൽ സാങ്കേതികത്തികവിൽ മുന്നിട്ടുനിൽക്കുന്ന അജിന്‍ക്യ രഹാനയെ ഒഴിവാക്കിയത് വലിയ മണ്ടത്തരമായിപ്പോയി. അതുപോലെ തന്നെയാണ് ഫോമിലല്ലാത്ത ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയത്. 2017ൽ തുടര്‍ച്ചയായി ഏഴു അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ കെ എൽ രാഹുലിനെ ധവാന് പകരം കളിപ്പിക്കണമായിരുന്നു.

2, ആദ്യദിനം അവസരം മുതലെടുക്കാതെ ഷമിയും ബൂംറയും

ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകള്‍ വീഴ്‌ത്തി ഭുവനേശ്വര്‍കുമാര്‍ നൽകിയ തുടക്കം മുതലെടുക്കുന്നതിൽ ടീമിലെ മറ്റ് രണ്ട് പേസര്‍മാരായ ഷമിയും ബൂംറയും പരാജയപ്പെട്ടു. മൂന്നിന് 12 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നെങ്കിൽ മൽസരഫലം മറ്റൊന്നാകുമായിരുന്നു.

3, ആക്രമണമെന്ന പ്രതിരോധം

ബാറ്റിങ് ദുഷ്‌ക്കരമായ സാഹചര്യത്തിൽ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് ഡിവില്ലിയേഴ്സും ഹാര്‍ദ്ദിക് പാണ്ഡ്യയും കാട്ടിത്തന്നു. എന്നാൽ ഇന്ത്യൻ മുൻനിരക്കാര്‍ ഈ പാഠം പഠിച്ചില്ല. മുരളി വിജയ്, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ അമിത പ്രതിരോധത്തിന് ശ്രമിച്ചത് ഇന്ത്യയ്ക്ക് ഗുണം ചെയ്തില്ല. അതേസമയം ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഏറെ പ്രയോജനകരമാകുകയും ചെയ്തു. പാണ്ഡ്യയുടെ ഇന്നിംഗ്സ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ തോൽവിയുടെ ആഴം ഇനിയും വര്‍ദ്ധിക്കുമായിരുന്നു.

4, ക്യാച്ചുകള്‍ പാഴാക്കിയത്

നിര്‍ണായകഘട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്‌മാൻമാരുടെ ക്യാച്ചുകള്‍ ഇന്ത്യൻ ഫീൽഡര്‍മാര്‍ നഷ്ടപ്പെടുത്തിയത് മൽസരഫലത്തെ സ്വാധീനിച്ചു. രണ്ടേ രണ്ടു ക്യാച്ചുകളാണ് ഇന്ത്യ മൽസരത്തിൽ നഷ്‌ടപ്പെടുത്തിയത്. എന്നാൽ ഇത് ഏറെ നിര്‍ണായകമായി. കേശവ് മഹാരാജിനെ സ്ലിപ്പിൽ ധവാന്‍ വിട്ടുകളയുമ്പോള്‍ അദ്ദേഹം റണ്‍സൊന്നുമെടുത്തിരുന്നില്ല. പിന്നീട് 35 റണ്‍സുമെടുത്തു എട്ടാം വിക്കറ്റിൽ റബാഡയുമായി ഭേദപ്പെട്ട കൂട്ടുകെട്ടുമുണ്ടാക്കിയാണ് കേശവ് മടങ്ങിയത്. കേശവ് ക്രീസിൽ എത്തുമ്പോള്‍ ആറിന് 202 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക 286 റണ്‍സെടുത്താണ് ഓള്‍ഔട്ടായത്.