ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചേസിംഗ് മികവില്‍ അവസാന ട്വന്റി-20 ജയിച്ച് ഓസീസിനെതിരായ ട്വന്റി-20 പരമ്പര സമനിലായിക്കിയെങ്കിലും ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തി മൂന്ന് പേര്‍. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ബൗളര്‍ ഖലീല്‍ അഹമ്മദുമാണ് മൂന്ന് മത്സര പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങിപ്പോയ മൂന്നുപേര്‍. മൂന്ന് മത്സരങ്ങളിലും ഒരേ ടീമിനെയാണ് ഇന്ത്യ കളത്തിലറക്കിയത്. 

സിഡ്നി: ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചേസിംഗ് മികവില്‍ അവസാന ട്വന്റി-20 ജയിച്ച് ഓസീസിനെതിരായ ട്വന്റി-20 പരമ്പര സമനിലായിക്കിയെങ്കിലും ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തി മൂന്ന് പേര്‍. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ബൗളര്‍ ഖലീല്‍ അഹമ്മദുമാണ് മൂന്ന് മത്സര പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങിപ്പോയ മൂന്നുപേര്‍. മൂന്ന് മത്സരങ്ങളിലും ഒരേ ടീമിനെയാണ് ഇന്ത്യ കളത്തിലറക്കിയത്.

ദ്യമത്സരം നാലു റണ്‍സിന് ഇന്ത്യ കൈവിട്ടപ്പോള്‍ അതില്‍ പ്രധാന കാരണക്കാരായത് റിഷഭ് പന്തും ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു. നിര്‍ണായക സമയത്ത് മോശം ഷോട്ട് കളിച്ച് 15 പന്തില്‍ 20 റണ്‍സെടുത്ത് പന്ത് പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവായതെന്ന് മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലി പറയുകയും ചെയ്തു. പേസും ബൗണ്‍സുമുള്ള ഓസീസ് പിച്ചുകളില്‍ വിക്കറ്റിനു പിന്നിലെ പന്തിന്റെ പ്രകടനവും അത്രത്തോളം ആശാവഹമായിരുന്നില്ല.

മഴ മുടക്കിയ രണ്ടാം മത്സരത്തില്‍ അനായാസ ക്യാച്ച് നിലത്തിട്ട പന്ത് ടെസ്റ്റ് പരമ്പരയില്‍ ഓസീസിലെ ബൗണ്‍സുള്ള വിക്കറ്റുകള്‍ എങ്ങനെ കീപ്പ് ചെയ്യുമെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ആദ്യ മത്സരത്തില്‍ ക്രുനാല്‍ പാണ്ഡ്യ നാലോവറില്‍ 55 റണ്‍സ് വഴങ്ങുകയും അടിച്ചുകളിക്കേണ്ട അവസരത്തില്‍ പുറത്താവുകയും ചെയ്തുവെങ്കിലും അടുത്ത രണ്ടു മത്സരങ്ങളിലും ഗംഭീര തിരിച്ചുവരവ് നടത്തി ക്രുനാല്‍ തന്റെ സാന്നിധ്യമറിയിച്ചു.

കെ എല്‍ രാഹുലാകട്ടെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ബാറ്റിംഗിനിറങ്ങി തീര്‍ത്തും നിരാശപ്പെടുത്തി. 13.50 മാത്രമാണ് പരമ്പരയില്‍ രാഹുലിന്റെ ബാറ്റിംഗ് ശരാശരി. സ്ട്രൈക്ക് റേറ്റാകട്ടെ 100ല്‍ താഴെയും. ആദ്യ മത്സരത്തില്‍ കോലിയുടെ സ്ഥാനത്ത് മൂന്നാം നമ്പറിലിറങ്ങിയ രാഹുല്‍ അവസാന മത്സരത്തില്‍ നാലാമനായാണ് ക്രീസിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ സെഞ്ചുറി നേടിയ രാഹുലില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ തിളങ്ങിയ ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് ഓസ്ട്രേലിയയില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റോടെയാണ് തുടങ്ങിയത്. എന്നാല്‍ ഓസീസ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈനിലും ലെംഗ്തിലും മാറ്റം വരുത്താന്‍ തയാറാവാതിരുന്ന ഖലീല്‍ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഏറെ റണ്‍സ് വഴങ്ങി നിരാശപ്പെടുത്തി. ഖലീലിന്റെ പന്തുകളുടെ വൈവിധ്യമില്ലായ്മയും ഇന്ത്യക്ക് തലവേദനയായി.