ഈജിപ്‌ത് പരിശീലകനായി തിയറി ഒന്‍‌റിയെ നിയമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ യാഥാര്‍ത്ഥ്യമായാല്‍ ഒന്‍‌റിയുടെ ആദ്യ സ്വതന്ത്ര പരിശീലക സ്ഥാനം ആകും ഇത്. 

കെയ്‌റോ: ഫ്രഞ്ച്- ആഴ്‌സണല്‍ ഇതിഹാസം തിയറി ഒന്‍‌റി ഈജിപ്‌ഷ്യന്‍ പരിശീലകനായേക്കുമെന്ന് സൂചന. ഒന്‍‌റിയുടെ ഏജന്‍റിനെ ഉദ്ധരിച്ച് പ്രമുഖ കായിക വെബ്സൈറ്റുകളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തിന്‍റെ സഹപരിശീലകനായി ഒന്‍‌റി തിളങ്ങിയിരുന്നു. ലോകകപ്പില്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് പരിശീലകനായി ബെല്‍ജിയം മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഒന്‍‌റിയുടെ സംഭാവന ശ്രദ്ധേയമായിരുന്നു.

എന്നാല്‍ ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടാണ് ഈജിപ്‌ത് മടങ്ങിയത്. ഇതോടെ പരിശീലകന്‍ കൂപ്പറിനെ ഈജിപ്‌ത് പുറത്താക്കിയിരുന്നു. ലണ്ടനില്‍ വെച്ച് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അംഗം മുന്‍ താരവുമായി ഇതിനകം ചര്‍ച്ച നടത്തിയതാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്ലബിന്‍റെ ഭാവി പദ്ധതികളില്‍ വ്യക്തത വരാന്‍ ഒന്‍‌റി കാത്തിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

കരിയറിലെ ആദ്യ സീനിയര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഒന്‍‌റി സമ്മതം മൂളുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.