ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇതാണ് സുവര്‍ണാവസരം എന്ന് ഗാംഗുലി. ഇന്ത്യയ്ക്ക് വിജയമന്ത്രങ്ങളും ഓസ്‌ട്രേലിയയില്‍ ഭയക്കേണ്ടത് എന്തൊക്കെയാണെന്നും മുന്‍ നായകന്‍ പറയുന്നുണ്ട്...

കൊല്‍ക്കത്ത: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ജയിക്കാനുള്ള സുവര്‍ണാവസരമാണ് വരുന്ന പരമ്പരയെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസീസ് ടീമിലില്ലാത്തത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇന്ത്യയ്ക്ക് കോലിയും രോഹിതും എങ്ങനെയാണോ അതുപോലെയാണ് ഓസ്‌ട്രേലിയക്ക് ഇരുവരുമെന്ന് ദാദ ചൂണ്ടിക്കാട്ടി. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് നേരിടുകയാണ് സ്മിത്തും വാര്‍ണറും. 

ഇന്ത്യ മികച്ച ടീമാണ്, ബൗളിംഗ് അറ്റാക്ക് കൊള്ളാം. ഇംഗ്ലണ്ടില്‍ എല്ലാ ടെസ്റ്റിലും 20 വിക്കറ്റുകള്‍ വീതം കൊയ്യാന്‍ ഇന്ത്യക്കായി. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഓസീസ് ടീം വേറൊരു ലെവലായിരിക്കുമെന്ന് ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചറിയണമെന്നും ദാദ മുന്നറിയിപ്പ് നല്‍കുന്നു. ഓസ്‌ട്രേലിയ ഇപ്പോള്‍ ദുര്‍ബലരാണെന്ന് പലരും കരുതുന്നുണ്ട്, എന്നാല്‍ താനത് വിശ്വസിക്കുന്നില്ല. ഓസീസ് ബൗളിംഗ് നിരയുടെ ശക്തി ഇന്ത്യ തിരിച്ചറിയണമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 

അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറിനാണ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2003-04 സീരിസില്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ 1-1ന് പരമ്പര സമനിലയിലായതാണ് ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം.