ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ എം എസ് ധോണിയുടെ മികവില്‍ പൂനെ സൂപ്പര്‍ജയന്റ്സ് വിജയമാഘോഷിക്കുമ്പോള്‍, ക്രിക്കറ്റില്‍ ഒരു കൈ നോക്കാനെത്തിയ ചൈന 28 റണ്‍സിന് ഓള്‍ഔട്ടാകുക എന്ന നാണക്കേട് നേരിടുകയായിരുന്നു. തായ്‌ലന്‍ഡില്‍ നടന്ന ലോക ക്രിക്കറ്റ് ലീഗ് റീജിയണല്‍ യോഗ്യതാമല്‍സരത്തിലാണ് സൗദി അറേബ്യയ്‌ക്കെതിരെയാണ് ചൈന 28 റണ്‍സിന് പുറത്തായത്. ഈ മല്‍സരത്തില്‍ 390 റണ്‍സിന് സൗദി ജയിക്കുകയും ചെയ്‌തു. ആദ്യം ബാറ്റുചെയ്‌ത സൗദി അറേബ്യ നിശ്ചിത 50 ഓവറില്‍ 418 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചൈനീസ് കളിക്കാര്‍ക്ക് ഒട്ടും പിടിച്ചുനില്‍ക്കാനായില്ല. 12.4 ഓവറിലാണ് ചൈന ഓള്‍ഔട്ടായത്. 13 റണ്‍സുള്ള എക്‌സ്‌ട്രാസാണ് ചൈനീസ് നിരയിലെ ടോപ് സ്‌കോറര്‍.

കായികരംഗത്ത് മുന്‍നിര സ്ഥാനമുണ്ടെങ്കിലും ക്രിക്കറ്റ് ചൈനയ്‌ക്ക് വഴങ്ങിത്തുടങ്ങിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ മല്‍സരം. 2004ല്‍ ശ്രീലങ്കയ്ക്കെതിരെ 34 റണ്‍സിന് സിംബാബ്‌വെ പുറത്തായിട്ടുണ്ട്. എന്നാല്‍ അന്താരാഷ്‌ട്ര മല്‍സരങ്ങളുടെ ഗണത്തില്‍പ്പെടുത്താത്തതിനാല്‍ ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന റെക്കോര്‍ഡ് തുടര്‍ന്നും സിംബാബ്‌വെയ്‌ക്ക് ആയിരിക്കും. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോര്‍ എന്ന റെക്കോര്‍ഡ് വെസ്റ്റിന്‍ഡീസ് അണ്ടര്‍-18 ടീമിന് ആണ്. 2007ല്‍ ബാര്‍ബഡോസിനെതിരെ 18 റണ്‍സിനാണ് വിന്‍ഡീസ് ജൂനിയര്‍ ടീം പുറത്തായത്.