വെല്ലിങ്ടണ്‍: രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ന്യുസീലന്‍ഡിനെ വിറപ്പിക്കുകയായിരുന്നു ശ്രീലങ്കന്‍ താരം തിസാര പെരേര. 74 പന്തുകളില്‍ 13 സിക്‌സുകള്‍ സഹിതം 140 റണ്‍സാണ് പെരേര അടിച്ചെടുത്തത്. ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ച ഈ ഇന്നിംഗ്സോടെ ഒന്നിലധികം റെക്കോര്‍ഡുകളും പെരേര അടിച്ചെടുത്തു.

ഇന്നത്തെ തകര്‍പ്പന്‍ ഇന്നിംഗ്സോടെ ഒരു ഏകദിനത്തില്‍ കൂടുതല്‍ സിക്സുകള്‍ പറത്തിയ ശ്രീലങ്കന്‍ താരമെന്ന നേട്ടം പെരേര കൈവശമാക്കി. ഇതിഹാസ താരം സനത് ജയസൂര്യ 1996ല്‍ പാക്കിസ്ഥാനെതിരെ പറത്തിയ 11 സിക്‌സുകളുടെ റെക്കോര്‍ഡാണ് പെരേര താണ്ഡവത്തില്‍ പഴങ്കഥയായത്. 

ഏഴാം നമ്പറില്‍ ബാറ്റുവീശി മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയ താരമായും പെരേര മാറി. ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 139 റണ്‍സെടുത്ത എം എസ് ധോണിയെ മറികടന്ന പെരേര ഇക്കാര്യത്തില്‍ മൂന്നാമതെത്തി. 170 റണ്‍സെടുത്ത ന്യൂസീലന്‍ഡിന്‍റെ ലൂക്ക് റോഞ്ചിയും 146 റണ്‍സെടുത്ത ഓസീസ് താരം മാര്‍ക്കസ് സ്റ്റോയിനിസുമാണ് പെരേരയ്ക്ക് മുന്നിലുള്ളത്. 

തിസാര ഒറ്റയാള്‍ പ്രകടനം പുറത്തെടുത്തെങ്കിലും ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തിലും ശ്രീലങ്കയ്ക്ക് വിജയിക്കാനായില്ല. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍  46.2 ഓവറില്‍ 298 റണ്‍സിന് ലങ്കന്‍ താരങ്ങള്‍ ബാറ്റ് താഴ്ത്തുകയായിരുന്നു.