വിശാഖപട്ടണം: വിശാഖപ്പട്ടണം ടെസ്റ്റിൽ ടോസ് നിര്‍ണായകം ആകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. അലിസ്റ്റര്‍ കുക്ക് നയിക്കുന്ന ഇംഗ്ലീഷ് ടീമിനെ തോൽപ്പിക്കുക ശ്രമകരമാകുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. രാജ്കോട്ട് ടെസ്റ്റിൽ ജയത്തോളം പോന്ന സമനില നേടിയ ഇംഗ്ലീഷ് ടീമിന് വിശാഖപ്പട്ടണത്തെത്തുമ്പോള്‍ ആത്മവിശ്വാസം കൂടുമെന്നാണ് സൗരവ് ഗാംഗുലിയുള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.

എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതൽ സഹായം ലഭിക്കുന്ന വിശാഖപ്പട്ടണത്ത് ടോസ് നേടിയാൽ ഇന്ത്യക്ക് മേൽക്കൈ ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു. വിശാഖപട്ടണത്തെ പിച്ച്സ്പിന്നര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്നതാണെന്ന് രഞ്ജി മത്സരങ്ങളും ഇന്ത്യാ-ന്യൂസിലന്‍ഡ് അഞ്ചാം ഏകദിനത്തിലും വ്യക്തമായിരുന്നു. ഇന്ത്യാ-ന്യൂസിലന്‍ഡ് അവസാന ഏകദിനത്തില്‍ അമിത് മിശ്ര 18 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി കീവീസിനെ തകര്‍ത്തിരുന്നു.

വിശാഖപട്ടണത്തെ പിച്ചില്‍ കാര്യമായ പുല്ലുണ്ടാവില്ലെന്ന് ക്യൂറേറ്റര്‍ കെ ശ്രീറാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം ദിനം ലഞ്ചിന് ശേഷമെ പിച്ച് സ്പിന്നര്‍മാരെ കാര്യമായി തുണയ്ക്കൂ എന്നാണ് ക്യൂറേറ്ററുടെ അഭിപ്രായം. അതിനാല്‍ ടോസ് മത്സരത്തില്‍ ഏറെ നിര്‍ണായകമാവും. മോയിന്‍ അലി, ആദില്‍ റഷീദ്, അന്‍സാരി എന്നീ സ്പിന്നര്‍മാരുള്ള ഇംഗ്ലണ്ടിന് ടോസ് നേടിയാല്‍ തുടക്കത്തിലെ മേല്‍ക്കൈ ലഭിക്കും.

വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാകുക. ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്താൽ ജെയിംസ് ആന്‍ഡേഴ്സനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്
ഇംഗ്ലണ്ട് ആലോചിക്കുന്നുണ്ട്.