രണ്ട് മികച്ച രാജ്യാന്തര ക്ലബ്ബുകളുമായുള്ള ഏറ്റുമുട്ടൽ അടുത്ത ഐഎസ്എൽ സീസണിനുള്ള മികച്ച മുന്നൊരുക്കമാകും ടീമിന് നൽകുക.

കൊച്ചി: ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേൾഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. സന്ദേശ് ജിംഗാനെയും സി കെ വിനീതിനെയുപോലെ പരിചിത മുഖങ്ങള്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ടീം.

കേരള ബ്ലാസ്റ്റേഴ്സിന് പുറമെ ഐ ലീഗിലെ മെൽബൺ സിറ്റി എഫ്‌സി, ലാലിഗയിലെ ജീറോണ എഫ്‌സി എന്നിവരാണ‌് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ജൂലൈ 24ന് ആരംഭിക്കുന്ന അഞ്ചു ദിവസത്തെ പോരാട്ടത്തിൽ മത്സരിക്കുക. രാജ്യാന്തരതലത്തിൽ ഇന്ത്യയെ പ്രീ സീസൺ ഫുട്ബോൾ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് ടൊയോട്ടാ യാരിസ് ലാലിഗ വേൾഡ് അവതരിപ്പിക്കുന്നത്.

രണ്ട് മികച്ച രാജ്യാന്തര ക്ലബ്ബുകളുമായുള്ള ഏറ്റുമുട്ടൽ അടുത്ത ഐഎസ്എൽ സീസണിനുള്ള മികച്ച മുന്നൊരുക്കമാകും ടീമിന് നൽകുക. ക്ലബ‌് സ്ഥാപിച്ച് 88 വർഷങ്ങൾക്കിടയിൽ യൂറോപ്പ് വിട്ട് മറ്റൊരിടത്ത് ജിറോണ എഫ്‌സി കളിക്കുന്നത് ഇതാദ്യമാണ്.

ഈ മാസം 24ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും മെൽബൺ സിറ്റി എഫ്സിയുമായാണ് ആദ്യ മത്സരം. 27ന് ജിറോണ എഫ്‌സിയും മെൽബൺ സിറ്റി എഫ്‌സിയും തമ്മിലും 28ന് കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണയും തമ്മിലും മത്സരം നടക്കും. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ടീം വിജയിയായവും.