മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമിലെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രണവ് ധന്‍വാഡെയുടെ പിതാവ് പ്രശാന്ത് ധന്‍വാഡെ രംഗത്തെത്തി. ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സിലധികം നേടി ലോക റെക്കോര്‍ഡിട്ട പ്രണവ് ധന്‍വാഡെയെ വെസ്റ്റ് സോണ്‍ ടീമില്‍ പ്രവേശനം നല്‍കാതിരുന്നപ്പോഴാണ് സച്ചിന്‍റെ മകന്‍ അണ്ടര്‍ 16 ടീമില്‍ എളുപ്പം കയറിപറ്റിയതെന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ പ്രണവ് അണ്ടര്‍ 16 ടീമിലേക്കുള്ള സെലക്ഷന് യോഗ്യനായിരുന്നില്ലെന്ന് പ്രണവിന്റെ പിതാവ് തന്നെ വ്യക്തമാക്കി. സോണല്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ ആ കളിക്കാരന്‍ മുംബൈയ്ക്കായി കളിച്ചിട്ടുണ്ടായിരിക്കണം. എന്നാല്‍ മുംബൈ അണ്ടര്‍ 16 ടീമിന്റെ തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രണവ് 1000 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ടത്. അതുകൊണ്ടുതന്നെ പ്രണവിനെ മുംബൈ അണ്ടര്‍ 16 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനിടെ, മുംബൈ അണ്ടര്‍ 16 ടീം ഏതാനും മത്സരങ്ങള്‍ കളിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് പ്രകടനത്തിനുശേഷം പ്രണവിനെ ടീമിലെടുക്കുക എന്നതും അസാധ്യമായിരുന്നു. അതാണ് നടപടിക്രമമെന്നിരിക്കെ സച്ചിന്റെ മകനുവേണ്ടി തന്റെ മകനെ തഴഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രശാന്ത് പറഞ്ഞു.
അര്‍ജുനും പ്രണവും നല്ല സുഹൃത്തുക്കളാണെന്നും അവര്‍ പതിവായി കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇല്ലാത്ത വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രണവിനെ അധിക സമ്മര്‍ദ്ദത്തിലാക്കരുതെന്ന് പ്രണവിന്റെ പരിശീലകനായ മുബിന്‍ ഷെയ്ഖ് പ്രതികരിച്ചു. പ്രണവിന് ഇനിയും രണ്ട് വര്‍ഷത്തോളം സമയമുണ്ട്. അതല്ലെങ്കില്‍ അണ്ടര്‍ 19 ടീമിലേക്ക് ശ്രമിക്കാമല്ലോ. ഇപ്പോള്‍ അവനെ കളി ആസ്വദിച്ച് കളിക്കാന്‍ വിടൂ-മുബിന്‍ വ്യക്തമാക്കി.
തികച്ചും സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്‍റെ മകനായതിനാലാണ് ധനവാഡെയെ വെസ്റ്റ് സോണ്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം സച്ചിനെ ഊന്നം വച്ചുള്ള ആക്ഷേപമാണ് ഇതെന്നാണ് ഇതിനെതിരെ സച്ചിന്‍ ആരാധകരുടെ മറുവാദം. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോലുളള സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം ചൂടുളള ചര്‍ച്ചയായിരുന്നു. നേരത്തെ അണ്ടര്‍ 14 ടീമിലും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ വര്‍ഷം ആദ്യം പ്രണവ് തകര്‍ത്തത്.
