പൂനെ: റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് ടീമില്‍ ഇര്‍ഫാന്‍ പത്താന് കളിക്കാന്‍ അവസരം നല്‍കാത്തതിന് ധോണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ഇന്നലെ ഹൈദരാബാദിനെതിരെയും തോറ്റ് എട്ടാം തോല്‍വിയോടെ പൂനെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ആഭ്യന്തര ട്വന്റി-20 ലീഗുകളില്‍ ബറോഡയ്ക്കായി മികച്ച പ്രകടനം നടത്തിയ പത്താനെ ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ധോണിയുടെ പൂനെ കളത്തിലറക്കിയത്. എറിഞ്ഞതാകട്ടെ ഒരേ ഒരു ഓവറും.
പിന്നീടുള്ള എല്ലാ മത്സരത്തിലും കരയ്ക്കിരുന്ന് കൈയടിക്കാനായിരുന്നു ഇന്ത്യയിലെ തന്നെ മികച്ച ഓള്‍ റൗണ്ടറുടെ വിധി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും പത്താന് ധോണി അവസരം നല്‍കിയിരുന്നില്ല. ഇതോടെ ട്വിറ്ററിലൂടെ ആരാധക പ്രതിഷേധം കനത്തു. കഴിഞ്ഞവര്‍ഷം മൂന്ന് കോടി രൂപ നല്‍കി പത്താനെ ചെന്നൈ ടീമിലെടുത്തെങ്കിലും ഇതേവിധിതന്നെയായിരുന്നു അവിടെയും. ഇത്തവണ അടിസ്ഥാനവിലയായ ഒരുകോടി നല്‍കിയാണ് പൂനെ പത്താനെ ടീമിലെടുത്തത്.
ചെന്നൈയിലും പൂനെയിലുമായി തുടര്‍ച്ചയായി 19 മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലിരുന്ന് കളി കണ്ടശേഷം മൊഹാലിയില്‍ കിംഗ്സ് ഇലവനെതിരായ മത്സരത്തില്‍ ധോണി, പത്താനെ അന്തിമ ഇലവനിലെടുത്തു. എന്നാല്‍ ഒരോവര്‍ എറിഞ്ഞ പത്താന്‍ 7 റണ്‍സെ വഴങ്ങിയുള്ളൂവെങ്കിലും പിന്നീട് ബൗളിംഗിന് അവസരം നല്‍കിയില്ല.
തുടര്‍ച്ചയായ തോല്‍വിക്കുപിന്നാലെ ധോണിയുടെ തന്ത്രങ്ങളെക്കുറിച്ചും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ സ്പിന്‍ കുന്തമുനയായ അശ്വിന്‍ ടീമിലുണ്ടായിട്ടു പലപ്പോഴും വേണ്ടത്ര അവസരം നല്‍കിയിരുന്നില്ല. ചില മത്സരങ്ങളില്‍ പതിനേഴാം ഓവറിലാണ് അശ്വിനെക്കൊണ്ട് ആദ്യമായി ബൗള്‍ ചെയ്യിച്ചത്. ടൂര്‍ണമെന്റില്‍ 11 കളികളില്‍ 34 ഓവര്‍ മാത്രമെറിഞ്ഞ അശ്വിന് നാലു വിക്കറ്റ് മാത്രമെ വീഴ്ത്താനായുള്ളു.
