മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഫോമിലുള്ള ഭുവനേശ്വര്‍കുമാറിനെ ഒഴിവാക്കി ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ട്വിറ്ററില്‍ ട്രോള്‍ മഴ. ഫോമിന്റെ അടിസ്ഥാനത്തില്‍ രഹാനെക്കുപകരം രോഹിത്തിനെ ഉള്‍പ്പെടുത്തിയ കോലി എന്തുകൊണ്ടാണ് ഫോമിലുള്ള ഭുവിയെ ഒഴിവാക്കി ഇഷാന്തിനെ ഉള്‍പ്പെടുത്തിയതെന്നാണ് ആരാധകരുടെ ചോദ്യം. ടീമിനെ തെരഞ്ഞെടുത്തത് കോലിയുടെ ഭാര്യ അനുഷ്കാ ശര്‍മയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.
ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തകര്‍ത്തത് ഭുവിയായിരുന്നു. തന്റെ ആദ്യ മൂന്നോവറിലും ഭുവി വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റിന്റെ തുടക്കത്തില്‍ 18 ഓവര്‍ കഴിഞ്ഞപ്പോഴും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒറ്റ വിക്കറ്റ് പോലും നേടാനായില്ലെന്നതും ശ്രദ്ധേയമാണ്. കോലിയെ വിമര്‍ശിച്ച് രംഗത്തെത്തിയവരില്‍ മുന്‍ താര ആര്‍പി സിംഗും ക്രിക്കറ്റ് കോളമിസ്റ്റായ സംബിത് ബാലും ആനന്ദ് വാസുവുമെല്ലാം ഉണ്ട്.
