കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ വേദിയായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതില്‍ കേന്ദ്രത്തിന് ആശങ്ക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ വെള്ളിയാഴ്ച കൊച്ചിയില്‍ സന്ദര്‍ശനം നടത്തും. മറ്റ് അഞ്ച് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് കൊച്ചി സ്റ്റേഡിയം ഏറെ പിന്നിലാണെന്ന് വിജയ് ഗോയല്‍ പറഞ്ഞു.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മുന്നൊരുക്കങ്ങള്‍ ഇതുവരെ പൂര്‍ത്തിയാകാത്തതില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര കായിക മന്ത്രി നേരിട്ടെത്തി പ്രവര്‍ത്തനം വിലയിരുത്തുന്നത്. അടുത്തമാസം 15നകം സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കൊച്ചി സ്റ്റേഡിയത്തിലെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍,സംസ്ഥാന കായിക മന്ത്രി എ സി മൊയ്തീന്‍ എന്നിവരുമായും കേന്ദ്ര കായിക മന്ത്രി കൂടിക്കാഴ്ച്ച നടത്തും.ആദ്യമായി ഇന്ത്യയിലെത്തുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ ആറിനാണ് കിക്ക് ഓഫ്.കൊച്ചിക്ക് പുറമെ ദില്ലി, മുംബൈ, ഗോവ, ഗുവാഹത്തി, കൊല്‍ക്കത്ത എന്നീ ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.