ദില്ലി: അണ്ടർ 17 ലോകകപ്പിൽ പ്രായത്തട്ടിപ്പ് നടത്തുന്ന ടീമുകൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഫിഫ. മത്സരങ്ങൾക്കുമുൻപ് കളിക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ തവണയുൾപ്പടെ ആറുതവണ ചാമ്പ്യൻമാരായ നൈജീരിയ ഇല്ലാതെയാണ് ഇന്ത്യയിൽ അണ്ടർ 17 ലോകകപ്പ് നടക്കുക. യോഗ്യതാ റൗണ്ടിൽ പതിനേഴ് വയസ്സിൽ കൂടുതലുള്ള താരങ്ങളെ കളിപ്പിച്ചതോടെ ടീമിനെ പിരിച്ചുവിടുകയായിരുന്നു. പിന്നീട് പുതിയ താരങ്ങളുമായി കളിച്ചെങ്കിലും ഇന്ത്യയിലേക്ക് ടിക്കറ്റുറപ്പിക്കാൻ നൈജീരിയക്ക് കഴിഞ്ഞില്ല.

ആഫ്രിക്കൻ രാജ്യങ്ങൾ പ്രായക്കൂടുതലുള്ള കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ഫിഫ കടുത്ത നടപടികൾ സ്വീകരിക്കുന്നത്.ടീമിലുൾപ്പെടുത്തുന്ന കളിക്കാരുടെ പ്രായം കൃത്യമായിരിക്കണമെന്ന് ഫിഫ ടീമുകൾക്കും കോൺഫെഡറേഷനുകൾക്കും നിർദേശം നൽകി. മത്സരങ്ങൾക്കുമുൻപ് കളിക്കാരെ പ്രായം തെളിയിക്കുന്ന എം ആർ ഐ പരിശോധനയ്ക്ക് വിധേയരാക്കും.

ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ് ടീമുകൾ ഇത്തരം പരിശോധന നടത്തണമെന്നും ഫിഫ ആവശ്യപ്പെട്ടു. നേരത്തേയും അണ്ടർ 17 ലോകകപ്പിൽ പ്രായത്തട്ടിപ്പ് നടന്നിട്ടുണ്ട്. 1989ൽ ചാന്പ്യൻമാരായ സൗദി അറേബ്യയുടെ ടീമിൽ ഒന്നിലധികം കളിക്കാർ പതിനേഴ് വയസ്സിൽ കൂടുതൽ ഉള്ളവരായിരുന്നു.