കൊച്ചി: ഫുട്ബോള്‍ ലഹരിയില്‍ മലയാളിക്ക് രാജ്യത്ത് എതിരാളികളില്ല. ടിക്കറ്റ് വില്‍പ്പനയുടെ തുടക്കത്തില്‍ പഴികേട്ട കൊച്ചി ലോകകപ്പിന് ഒരു മാസത്തിലധികം ബാക്കി നില്‍ക്കെ മുന്നിലെത്തിയിരിക്കുന്നു. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് ഒരു മാസം ബാക്കി നില്‍ക്കെ കൊച്ചി വേദിയാകുന്ന ബ്രസീല്‍-സ്‌പെയിന്‍ മത്സര ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒക്ടോബര്‍ ഏഴിലെ ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതോടെ ഗ്രൂപ്പ്ഘട്ട മത്സര ടിക്കറ്റുകള്‍ വിറ്റുതീരുന്ന ആദ്യ വേദിയായി കൊച്ചി മാറി.
മൂന്നാംപാദ ടിക്കറ്റ് വില്‍പ്പന അവസാനിക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെയാണ് കൊച്ചിയുടെ നേട്ടം. ബ്രസീല്‍-സ്‌പെയിന്‍ മത്സരത്തിന് പുറമേ ഒക്ടോബര്‍ 28ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഫൈനലിന്റെ ടിക്കറ്റുകള്‍ മാത്രമാണ് നിലവില്‍ വിറ്റുതീര്‍ന്നിരിക്കുന്നത്. മുന്‍ലോക ചാമ്പ്യന്‍മാരായ ബ്രസീലിനോടുള്ള പ്രിയമാണ് കൊച്ചിയിലെ ടിക്കറ്റ് വില്‍പ്പനയില്‍ പ്രതിഫലിച്ചതെന്നാണ് സൂചന.
ടെലിവിഷനില്‍ മാത്രം കണ്ടിട്ടുള്ള മഞ്ഞപ്പടയുടെ പോരാട്ടം നേരിട്ട് കാണാന്‍ മലബാറില്‍ നിന്നടക്കം ആയിരക്കണക്കിന് ആരാധകര്‍ കൊച്ചിയിലേക്ക് ഒഴുകിയെത്തും. ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിലേക്ക് കയറ്റില്ലെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു. അതേസമയം നിലവില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പൂര്‍ണമായും നിരാശപ്പെടേണ്ടതില്ല. സെപ്റ്റംബര്‍ ആറിന് ആരംഭിക്കുന്ന നാലാംപാദ ടിക്കറ്റ് വില്‍പ്പനയില്‍ ഏതാനും സീറ്റുകള്‍ കൂടി ഫിഫ ലഭ്യമാക്കും. ഫിഫയുടെ വെബ്സൈറ്റിലൂടെ മാത്രമാണ് ലോകകപ്പ് ടിക്കറ്റ് വില്‍പ്പന.
