ഓവല്‍: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും മധ്യനിരയുടെ കരുത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഓസീസ് 40 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. അര്‍ദ്ധ സെഞ്ചുറി നേടിയ ജൊനാഥനും(65), ഒരു റണ്‍സുമായി വില്‍ സതര്‍ലന്‍ഡുമാണ് ക്രീസില്‍. 

ഓപ്പണര്‍മാരെ മടക്കി ഇഷാന്‍ പോരെല്‍ തുടക്കത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നേടിക്കൊടുത്തു. ടീം സ്കോര്‍ 32 ല്‍ നില്‍ക്കേ 14 റണ്‍സെടുത്ത ഓപ്പണര്‍ മാക്സും 52ല്‍ നില്‍ക്കേ സഹഓപ്പണര്‍ ജാക്ക് എഡ്‌വേര്‍ഡും(28) പോരെലിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെ 13 റണ്‍സെടുത്ത നായകന്‍ ജാസണ്‍ സംഗയെ പേസര്‍ നാഗര്‍കോട്ടി മടക്കുമ്പോള്‍ മൂന്നിന് 59 എന്ന നിലയില്‍ ഓസീസ് തകര്‍ന്നു. 

എന്നാല്‍ നാലാം വിക്കറ്റില്‍ ജൊനാഥന്‍ മെര്‍ലോയും ഉപ്പലും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് ഓസീസിനെ കരകയറ്റി. ടീം സ്കോര്‍ 134ല്‍ നില്‍ക്കേ കൂട്ടുകെട്ട് പൊളിച്ച് ഉപ്പലിനെ(34) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി അനുകുല്‍ റോയി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 23 റണ്‍സെടുത്ത നഥാനെ റിട്ടേണ്‍ ക്യാച്ചിലൂടെ ശിവ സിംഗ് മടക്കിയതോടെ അഞ്ച് വിക്കറ്റിന് 185 എന്ന നിലയിലായി ഓസ്‌ട്രേലിയ.