മൗണ്ട് മോംഗനുയി: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ദുർബലരായ സിംബാബ് വയെ 10 വിക്കറ്റിനാണ് ഇന്ത്യൻ കുട്ടികൾ തോൽപ്പിച്ചത്. സ്കോര്‍ സിംബാബ്‌വെ 48.1 ഓവറില്‍ 154ന് ഓള്‍ ഔട്ട്, ഇന്ത്യ 21.4 ഓവറില്‍ 155.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിംബാബ് വെയുടെ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. 36 റണ്‍സ് മിൽട്ടണ്‍ സൂമ്പയാണ് ടോപ്പ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി അനുകുൾ റോയി നാല് വിക്കറ്റ് വീഴ്ത്തി.
ചെറിയ വിജയലക്ഷ്യമായതിനാൽ ഓപ്പണിംഗ് ജോഡി മാറിയാണ് ഇന്ത്യ ബാറ്റിംഗിനെത്തിയതെങ്കിലും ആക്രമണത്തിന് കുറവൊന്നും സംഭവിച്ചില്ല.

സുബ്മാൻ ഗിൽ (90), ഹാർവിക് ദേശായി (56) എന്നിവർ ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. 59 പന്തിൽ 14 ഫോറും ഒരു സിക്സും ഉൾപ്പടെയാണ് ഗിൽ 90 റണ്‍സ് അടിച്ചത്. ഗിൽ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. ജയത്തോടെ ഗ്രൂപ്പ് ബിയിൽ ആറ് പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. രണ്ടു വിജയങ്ങൾ നേടി നാല് പോയിന്റ് സ്വന്തമാക്കിയ ഓസ്ട്രേലിയയും ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.