ഓവല്‍: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 217 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മികച്ച നിലയില്‍. 30 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. സെഞ്ചുറിയിലേക്ക് കുതിക്കുന്ന മന്‍ജ്യോത് കല്‍റയും(85) ഹര്‍വിക് ദേശായിയുമാണ്(16) ക്രീസില്‍. എട്ട് വിക്കറ്റുകള്‍ അവശേഷിക്കേ 47 റണ്‍സ് കൂടി മതി ഇന്ത്യയ്ക്ക് വിജയിക്കാന്‍.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ നായകന്‍ പൃഥ്വി ഷായും മന്‍ജ്യോത് കല്‍റയും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നില്‍ക്കവേ പൃഥ്വി ഷായെ(29) മടക്കി വില്‍ സതര്‍ലന്‍ഡ് ഓസീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനെ കൂട്ടുപിടിച്ച് കല്‍റാ തകര്‍പ്പനടി തുടര്‍ന്നു.
കല്‍റ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ ഓസീസ് ബൗളര്‍മാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഇതിനിടെ 30 പന്തില്‍ 31 റണ്‍സെടുത്ത ഗില്ലിനെ പരം ഉപ്പല്‍ പുറത്താക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 131 റണ്‍സെന്ന ശക്തമായ നിലയിലെത്തി. എന്നാല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ കരുതലോടെ കളിച്ച് ഇന്ത്യ വിജയത്തോട് അടുക്കുകയാണ്.
നേരത്തെ ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസ്‌ട്രേലിയയെ ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് 47.2 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥന്‍ മെര്‍ലോയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.
പരം ഉപ്പല്‍(34), ജാക്ക് എഡ്‌വേര്‍ഡ്സ്(28), നഥാന്‍ മക്സ്‌വീനി(23) എന്നിങ്ങനെയാണ് മറ്റുയര്‍ന്ന സ്കോറുകള്‍. ഇന്ത്യയ്ക്കായി ഇഷാന്‍ പോരല്‍, ശിവ സിംഗ്, കമലേഷ് നാഗര്‍കോട്ടി, അനുകുല്‍ റോയി എന്നിവര്‍ രണ്ടും ശിവം മണി ഒരു വിക്കറ്റും വീഴ്ത്തി. ഓപ്പണര്‍മാരെ മടക്കി ഇഷാന്‍ പോരെല്‍ തുടക്കത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നേടിക്കൊടുത്തു.
