സെമിയില്‍ ഖത്തറിനോട് യുഎഇ 4-0ന് തോറ്റതിന് പിന്നാലെയാണ് പരാതിയുമായി യുഎഇ രംഗത്തെത്തിയത്. സുഡാന്‍ വംശജനായ അല്‍മോയസ് അലി, ഇറാഖ് വംശജനായ ബാസാം അല്‍ റാവി എന്നിവരെ ഖത്തര്‍ ടീമില്‍ കളിപ്പിച്ചുവെന്നാണ് യുഎഇയുടെ പരാതി.
ദുബായ്: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ന് ജപ്പാനെ നേരിടാനിരിക്കെ അയോഗ്യതയുള്ള കളിക്കാരെ കളിപ്പിച്ച ഖത്തറിനെ ഏഷ്യാ കപ്പില്‍ നിന്ന് അയോഗ്യരാക്കണമെന്ന ആവശ്യവുമായി യുഎഇ ഫുട്ബോള്‍ അസോസിയേഷന്‍, ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ(എഎഫ്‌സി)സമീപിച്ചു. സെമിയില്‍ ഖത്തറിനോട് യുഎഇ 4-0ന് തോറ്റതിന് പിന്നാലെയാണ് പരാതിയുമായി യുഎഇ രംഗത്തെത്തിയത്. സുഡാന്‍ വംശജനായ അല്‍മോയസ് അലി, ഇറാഖ് വംശജനായ ബാസാം അല്‍ റാവി എന്നിവരെ ഖത്തര്‍ ടീമില്‍ കളിപ്പിച്ചുവെന്നാണ് യുഎഇയുടെ പരാതി.
ഇവര്‍ ഇരുവരും ഖത്തര്‍ പൗരത്വം നേടുവാന്‍ ആവശ്യമായ അഞ്ചു വര്‍ഷം രാജ്യത്ത് താമസിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം. ആറ് കളികളില്‍ എട്ടു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററാണ് അലി.എന്നാല്‍ ഇരുതാരങ്ങളുടെയും ബന്ധുക്കള്‍ രാജ്യത്ത് ജനിച്ചവരാണെന്നാണ് ഖത്തറിന്റെ വിശദീകരണം. ഏഷ്യാ കപ്പ് സെമിയില്‍ യുഎഇ-ഖത്തര്‍ മത്സരത്തിനിടെ ഖത്തര്‍ താരങ്ങള്‍ക്കെതിരെ ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ ചെരിപ്പേറ് നടത്തിയിരുന്നു.
യുഎഇയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് എഎഫ്‌സി അറിയിച്ചിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഖത്തറിനെ അയോഗ്യരാക്കും. അതേസമയം, സെമിയിലെ തോല്‍വിക്ക് പിന്നാലെ പരാതിയുമായി രംഗത്തെത്തി യുഎഇയുടെ നടപടിക്കെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റ് ജേതാക്കളായാല്‍ 2022ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നവര്‍ക്ക് ആഘോഷിക്കന്‍ മറ്റൊരു കാരണം കൂടി ലഭിക്കും.
തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് 2017 ജൂണ്‍ 5ന് യു.എ.ഇ അടക്കമുള്ള നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരുകയും ചെയ്തു. സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറിന് മേല്‍ കര, സമുദ്ര, വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
