ലണ്ടന്‍: ബാലന്‍ ഡി ഓര്‍ പുരസ്കാരത്തിലേക്ക് ഒരു പടി കൂടി അടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ വര്‍ഷത്തെ യുവേഫ പ്ലെയര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ലയണല്‍ മെസിയെയും ബഫണെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. മൂന്നാം തവണയാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം കരസ്ഥമാക്കുന്നത്. റയല്‍ മാഡ്രിഡിനായി കാഴ്ച്ചവെച്ച മികച്ച പ്രകടനമാണ് റൊണാള്‍ഡോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. 

റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുരസ്കാരം. കഴിഞ്ഞ സീസണില്‍ 46 മല്‍സരങ്ങളില്‍ നിന്ന് 42 ഗോളുകളാണ് ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിനായി നേടിയത്. യുവേഫ ക്ലബ് മല്‍സരങ്ങളില്‍ 100 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റ്യാനോയുടെ മികവില്‍ 12-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ നേടിയിരുന്നു. മികച്ച ഗോളിയായി ബഫണെയും ഡിഫന്‍ററായി സെര്‍ജിയോ റാമോസിനെയും തെരഞ്ഞെടുത്തു.