ന്യൂസിലൻഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകള്‍ പരാജയപ്പെട്ടതിന് പിന്നാലെ സമ്മര്‍ദത്തിലായിരുന്നു ഗംഭീര്‍
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആരാധകര്‍ ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ പരാതി നല്‍കിയതായി വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ദിനേഷ് കാര്‍ത്തിക്ക്. ദ ഹണ്ട്രഡ് ടൂര്‍ണമെന്റിനിടെയാണ് കാര്‍ത്തിക്ക് ഇക്കാര്യ വ്യക്തമാക്കിയത്. അടുത്തിടെ പൂര്‍ത്തിയായ ആൻഡേഴ്‌സണ്‍-ടെൻഡുല്‍ക്കര്‍ ട്രോഫിക്കിടെ ഗംഭീര്‍ ചിരിക്കുന്നില്ല എന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ പ്രക്ഷേപകരായ സ്കൈ സ്പോര്‍ട്ട്സിന് രേഖാമൂലം പരാതി നല്‍കിയത്.
ദ ഹണ്ട്രഡില്‍ ട്രെന്റ് റോക്കേറ്റ്സ് മാഞ്ചസ്റ്റര്‍ ഒറിജിനല്‍സും തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു റോക്കറ്റ്‌സ് പരിശീലകൻ ആൻഡി ഫ്ലവറിനോട് കാര്‍ത്തിക്ക് വെളിപ്പെടുത്തല്‍ നടത്തിയത്. മത്സരശേഷം നടന്ന പ്രത്യേകം അഭിമുഖത്തിനിടെയാണിത്.
ഗംഭീര്‍ ചിരിക്കുന്നില്ല എന്നത് സംബന്ധിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകര്‍ പരാതി നല്‍കുകയും ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്കൈ സ്പോര്‍ട്ട്‌സിനാണ് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. ചിരിക്കാത്ത മൂന്ന് പേരേക്കുറിച്ചാണ് അവരുടെ പരാതി. ഒന്ന് ഗംഭീറാണ്. മറ്റൊന്ന് കമന്ററി ബോക്സിലിരിക്കുന്ന നാസര്‍ ഹുസൈൻ. മൂന്നാമത്തെ വ്യക്തി ആൻഡി ഫ്ലവറാണ്, കാര്‍ത്തിക്ക് നര്‍മത്തോടെ പറഞ്ഞു. എന്തുകൊണ്ടാണ് താങ്കള്‍ ചിരിക്കാത്തതെന്നും ഫ്ലവറിനോട് കാര്‍ത്തിക്ക് ചോദിക്കുന്നുണ്ട്.
ചെറുചിരിയോടെയായിരുന്നു ഇംഗ്ലണ്ട് മുൻപരിശീലകൻ കൂടിയായ ഫ്ലവറിന്റെ മറുപടി. ഡികെ (കാര്‍ത്തിക്ക്) ആളുകള്‍ എന്നെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അത് നിങ്ങള്‍ക്ക് തീര്‍ച്ചയായും അറിയാവുന്ന കാര്യമാണെന്നും ഫ്ലവര്‍ പറഞ്ഞു. പിന്നാലെ കാര്‍ത്തിക്കും ഫ്ലവറും ചിരിക്കുകയായിരുന്നു.
വളരെ വൈകാരികമായി കളത്തില്‍ പെരുമാറുന്ന ഗംഭീര്‍ പരിശീലക കുപ്പായം അണിഞ്ഞതിന് ശേഷം വളരെ ഗൗരവത്തിലാണ് കാണപ്പെടുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലുടനീളം ഗംഭീറിനെ അത്തരത്തിലായിരുന്ന കാണപ്പെട്ടിരുന്നത്. ന്യൂസിലൻഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകള്‍ പരാജയപ്പെട്ടതിന് പിന്നാലെ സമ്മര്‍ദത്തിലായിരുന്നു ഗംഭീര്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ തോല്‍വി വഴങ്ങിയിരുന്നെങ്കില്‍ ഗംഭീറിന്റെ കസേരയ്ക്ക് പോലും ഇളക്കം തട്ടുമായിരുന്നു. എന്നാല്‍, ശുഭ്മാൻ ഗില്ലിന് കീഴില്‍ ഇന്ത്യയുടെ യുവസംഘം അസാധ്യപ്രകടനം കാഴ്ചവെക്കുകയും 2-2 എന്ന നിലയില്‍ പരമ്പര സമനിലയിലാക്കുകയും ചെയ്തു.


