ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിച്ച പല പേരുകളും ഉണ്ടായിരുന്നില്ല

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തതിന് പിന്നാലെ ഉയ‍ര്‍ന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും തുടരുകയാണ്. പ്രധാനമായും യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യ‍ര്‍ എന്നിവരുടെ അഭാവമാണ് ക്രിക്കറ്റ് പണ്ഡിതരേയും ആരാധകരേയും ഒരുപോലെ നിരാശരാക്കിയത്. നിരവധി സീസണുകളിലായി ഐപിഎല്ലില്‍ സ്ഥിരതയോടെ ബാറ്റ് വീശുന്ന താരങ്ങളാണ് ജയ്സ്വാളും ശ്രേയസും. നായകനെന്ന നിലയില്‍ മികവ് തെളിയിക്കാൻ ശ്രേയസിനും സാധിച്ചിരുന്നു. അനുകൂലമായ നിരവധി ഘടകങ്ങളുണ്ടായിട്ടും ഇരുവര്‍ക്കും കാണിയുടെ റോള്‍ നല്‍കാനായിരുന്നു ബിസിസിഐ തീരുമാനിച്ചത്.

2024 ട്വന്റി 20 ലോകകപ്പ് ടീമിലെ അംഗമായിരുന്നു ജയ്സ്വാള്‍. മൂന്ന് ഫോ‍ര്‍മാറ്റിലും ഇന്ത്യ പരീക്ഷിക്കാൻ സാധ്യതയുള്ള ചുരുക്കം താരങ്ങളിലും ഒരാളാണ് ഇടം കയ്യൻ ഓപ്പണ‍ര്‍. എന്നാല്‍, ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് യുവതാരത്തിന് കാര്യമായ അവസരങ്ങള്‍ ഒരുങ്ങിയിട്ടില്ല. അഭിഷേക് ശ‍ര്‍മയും സഞ്ജു സാംസണും ലഭിച്ച അവസരങ്ങളിലെല്ലാം മികവ് പുലര്‍ത്തിയതാണ് ജയ്സ്വാളിന് മുന്നല്‍ വാതിലടയ്ക്കപ്പെടാൻ കാരണമായത്.

ഇപ്പോഴിതാ, ജയ്സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സുനില്‍ ഗവാസ്ക്ക‍ര്‍.

“പതിനൊന്ന് പേരെ മാത്രമാണ് ഒരു മത്സരത്തിലേക്ക് തിരിഞ്ഞെടുക്കാൻ സാധിക്കുക. സ്ക്വാഡിലേക്ക് 15 പേരെയും. ആര്‍ക്കെങ്കിലുമൊക്കെ അവസരം നഷ്ടമാകുമെന്നത് ഉറപ്പുള്ള കാര്യമാണ്. ഇന്ത്യൻ ക്രിക്കറ്റില്‍ അങ്ങനെയാണ്. ടീമിലെടുക്കാത്തതും അവരുണ്ടായിരുന്നെങ്കില്‍ എന്നുമൊക്കെ ചര്‍ച്ച ചയ്യേണ്ട കാര്യമില്ല. ഇത് നമ്മുടെ ടീമാണ്. ടീം തിരഞ്ഞെടുക്കുന്നതിന് മുൻപ് നമുക്ക് എല്ലാവര്‍ക്കും അഭിപ്രായങ്ങളുണ്ടായിരുന്നു. പക്ഷേ, ടീം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ആ ടീമിനെ പൂ‍ര്‍ണമായും പിന്തുണയ്ക്കുക. അല്ലാത്തപക്ഷം വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടും, അത് കളിക്കാര്‍ ആഗ്രഹിക്കുന്ന ഒന്നല്ല,” ഗവാസ്ക്കര്‍ വ്യക്തമാക്കി.

66 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2166 റണ്‍സാണ് ജയ്സ്വാള്‍ നേടിയിട്ടുള്ളത്. 34.38 ആണ് താരത്തിന്റെ ശരാശരി. സ്ട്രൈക്ക് റേറ്റ് 150ന് മുകളിലും.

എന്നാല്‍, ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം ശുഭ്മാൻ ഗില്‍ ട്വന്റി 20യിലേക്ക് മടങ്ങിയെത്തി. ഏഷ്യ കപ്പില്‍ താരം ഉപനായകന്റെ റോള്‍ വഹിക്കും. ഗില്ലിന്റെ വരവ് അപ്രതീക്ഷിതമല്ലെന്നും ഗവാസ്ക്കര്‍ പറയുന്നു.

“ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമായി തോന്നിയിട്ടില്ല. ആഴ്ചകള്‍ക്ക് മുൻപാണ് ഒരു പരമ്പരയില്‍ 750ലധികം റണ്‍സ് ഗില്‍ നേടിയത്. ഇത്രയും മികച്ച ഫോമിലുള്ള ഒരു താരത്തെ നിങ്ങള്‍ക്ക് ഒഴിവാക്കാൻ കഴിയില്ല. ഇതിനുപുറമെ ഐപിഎല്ലിലും ഗില്‍ തിളങ്ങി. ഗില്ലിനെ ടീമിലേക്ക് ചേര്‍ത്തത് നല്ല തീരുമാനമായാണ് തോന്നുന്നത്. ഉപനായകസ്ഥാനം നല്‍കിയതോടുകൂടി ഭാവി എന്തായിരിക്കുമെന്ന സൂചനകൂടി ഇതിലൂടെ നല്‍കാനായി. വളരെ വളരെ നല്ല തീരുമാനം,” ഗവാസ്ക്കര്‍ കൂട്ടിച്ചേര്‍ത്തു.