വിദര്‍ഭ: ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് ഇനി ആര്‍ബിഐയില്‍ അസിസ്റ്റന്റ് മാനേജര്‍. സ്‌പോട്സ് ക്വാട്ടയിലാണ് നിയമനം. ഈമാസം 26ന് ശ്രീലങ്കന്‍ പര്യടനം തുടങ്ങാനിരിക്കെ താരം നാളെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരും. തിലക് യാദവിന് മകന്‍ ഉമേഷിനെ സര്‍ക്കാര്‍ ജോലിക്കാരനാക്കാനായിരുന്നു മോഹം. അച്ഛന്റെ ആഗ്രഹം നടത്തിക്കൊടുക്കാനായി ഉമേഷ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതി. പക്ഷെ പാസായില്ല.

പത്തുകൊല്ലം ഇപ്പുറം ലോകം അറിയുന്ന ഫാസ്റ്റ് ബൗളറായി ഉമേഷ് യാദവ് വളര്‍ന്നു. ഇപ്പോഴിതാ അച്ഛന്റെ ആഗ്രഹും നിറവേറ്റി. റിസര്‍വ്വ് ബാങ്കിന്റെ നാഗ്പൂര്‍ ഒഫീസില്‍ അസിസ്റ്റന്റ് മാനേജറായാണ് നിയമനം. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ തയ്യാറെടുക്കുന്ന താരം ഇന്ന് രാവിലെ നാഗ്പൂരിലെ ഓഫീസിലെത്തി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി.

ചാമ്പ്യന്‍സ് ട്രോഫിക്കായി കഴിഞ്ഞ മേയില്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പായിരുന്നു ജോലി സംബന്ധിച്ച ചര്‍ച്ച തുടങ്ങിയതെന്ന് ഉമേഷിന്റെ ബന്ധു പറഞ്ഞു. 2008ല്‍ എയര്‍ ഇന്ത്യയ്‌ക്കുവേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും താരത്തിന് സ്ഥിരം ജോലിനല്‍കാന്‍ എയര്‍ഇന്ത്യ അന്ന് തയ്യാറായിരുന്നില്ല. വിദര്‍ഭ എക്‌സ്‌പ്രസെന്ന് വിളിപ്പേരുള്ള ഉമേഷ് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടമാണ് നടത്തിയത്. പേസര്‍മാര്‍ എളുപ്പം പരിക്കിന്റെ പിടിയിലാകുമെങ്കിലും കഴിഞ്ഞ പന്ത്രണ്ടു ടെസ്റ്റുകള്‍ തുടച്ചയായി കളിക്കാന്‍ ഉമേഷ് യാദവിനായി.