നാഗ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉമേഷ് യാദവ് ഇപ്പോള്‍ കരയണോ ചിരിക്കണോ എന്ന് പറയാനാവാത്ത മാനസികാവസ്ഥയിലാണ്. അച്ഛന്റെ വലിയ ആഗ്രഹമായിരുന്ന സര്‍ക്കാര്‍ ജോലി ലഭിച്ച ദിവസം തന്നെ ഉമേഷിന്റെ വീട്ടില്‍ കള്ളന്‍ കയറി പണവും മൊബൈലുമെല്ലാം മോഷ്ടിച്ചു. തിങ്കളാഴ്ചയാണ് നാഗ്‌പൂരിലെ ലക്ഷ്മിനഗറില്‍ ഒമ്പതാം നിലയിലുള്ള ഉമേഷിന്റെ ഫ്ലാറ്റില്‍ കള്ളന്‍ കയറിയത്.

45000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളുമാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. രാത്രി ഏഴിനും ഒമ്പതിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ജനാല തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കവര്‍ച്ച സംബന്ധിച്ച് ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30നാണ് കണ്‍ട്രോള്‍ റൂമിന് വിവരം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കെട്ടിടത്തിന്റെ എട്ടാം നിലയിലുള്ള ഫ്ലാറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന രണ്ട് തൊഴിലാളികളെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ചയാണ് ഉമേഷിന് സ്പോര്‍ട്സ് ക്വാട്ടയില്‍ റിസര്‍ബ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി നിയമനം ലഭിച്ചത്. അതേ ദിവസം തന്നെയാണ് മോഷണവുമെന്നത് മറ്റൊരു യാദൃശ്ചികതയായി.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഉമേഷ് ഇന്ന് ശ്രീലങ്കയിലേക്ക് യാത്ര തിരിക്കാനെരിക്കെയാണ് താരത്തിന്റെ വീട്ടില്‍ മോഷണം നടന്നിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു ഉമേഷ്.