അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. 60 രൂപയ്‌ക്ക് ലോകകപ്പ് മത്സരങ്ങളുടെ ഗാലറി ടിക്കറ്റ് ലഭിക്കും. 25 ശതമാനം ഇളവാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്.

കൊച്ചിയില്‍ വിരുന്നെത്തുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലെ വമ്പന്‍ ടീമുകളുടെ പോരാട്ടം 60 രൂപയ്‌ക്ക് നേരിട്ട് കാണാം. ജീവിതത്തില്‍ ഒരുപക്ഷേ ഒരിക്കല്‍ മാത്രം ദര്‍ശിക്കാനാവുന്ന ലോക ഫുട്ബോള്‍ കാഴ്ച വിരുന്നിനായി ഫിഫ വന്‍ കിഴിവ് നല്‍കുകയാണ്. മൂന്നാംഘട്ട ടിക്കറ്റ് വില്‍പ്പനയില്‍ 25 ശതമാനം ഇളവാണ് ഗാലറി ടിക്കറ്റുകള്‍ക്ക് നല്‍കുന്നത്. 60 രൂപ മുടക്കിയാല്‍ ഒക്ടോബര്‍ ഏഴിലെ ബ്രസീല്‍-സ്‌പെയിന്‍ പോരാട്ടം നേരിട്ട് കാണാം. ബ്രസീല്‍, സ്‌പെയിന്‍ എന്നിവര്‍ക്ക് പുറമേ വടക്കന്‍ കൊറിയ, നൈജര്‍ എന്നീ രാജ്യങ്ങള്‍ കളിക്കുന്ന ഡി ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുന്നത്. സി ഗ്രൂപ്പിലെ അവസാന മത്സരത്തിനായി ജര്‍മനിയും വരുമ്പോള്‍ കൊച്ചി ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഹോട്ട് സ്‌പോട്ടാകും. വിദേശത്ത് നിന്നുള്ള ഫുട്ബോള്‍ ആരാധകര്‍‍ക്കൊപ്പം മത്സരം ആസ്വദിക്കുകയും ചെയ്യാം.

അടുത്തിടെ ആരംഭിച്ച മൂന്നാംഘട്ട ടിക്കറ്റ് വില്‍പ്പനയ്‌ക്ക് ആശാവഹമായ പ്രതികരണമല്ല കേരളത്തില്‍ നിന്ന് ലഭിക്കുന്നത്. ഇത് മുന്‍നിറുത്തി ഫിഫ ടിക്കറ്റ് നിരക്ക് കുറച്ചതാണെന്നും വാദമുണ്ട്. 80 രൂപയുണ്ടായിരുന്ന ഗാലറി ടിക്കറ്റ് നിരക്കാണ് 60 രൂപയാക്കി കുറച്ചത്. 150 രൂപ 300 രൂപ എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്കുകള്‍. ഓണ്‍ലൈനിലൂടെ മാത്രമാണ് ടിക്കറ്റ് വില്‍പ്പന.