ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിനാ വോസ്നിയാക്കിയും രണ്ടാം സീഡ് ഏഞ്ചലിക് കെര്‍ബറും സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ വോസ്നിയാക്കി , ലാത്വിയന്‍ താരം അനസ്താസിയയെ തോല്‍പ്പിച്ചു. ഏഴാം സീഡ് റോബര്‍ട്ടാ വിന്‍ചിയെ ആണ് കെര്‍ബര്‍ തോല്‍പ്പിച്ചത്.

അതേസമയം വനിതാ ഡബിള്‍സിലും സാനിയ മിര്‍സ സഖ്യം പുറത്തായി. ടോപ് സീഡായ ഫ്രഞ്ച് ജോഡിയാണ് സാനിയ-സ്ട്രിക്കോവ സഖ്യത്തെ തോല്‍പ്പിച്ചത്. പുരുഷ സിംഗിള്‍സിലെ ആദ്യ സെമിയില്‍ ടോപ് സീഡ് നൊവാക് ജോക്കോവിച്ചും ഫ്രഞ്ച് താരം ഗെയ്ല്‍ മോന്‍ഫില്‍സും ഏറ്റുമുട്ടും.

ക്വാര്‍ട്ടറില്‍ ജോക്കോവിച്ച്, ജോ വില്‍ഫ്രഡ് സോംഗയെ തോല്‍പ്പിച്ചപ്പോള്‍, നദാലിനെ അട്ടിമറിച്ചെത്തിയ ലൂക്കാസ് പൂയിലിനെ മോന്‍ഫില്‍സ് കീഴടക്കി. ജോക്കോവിച്ചിനെതിരെ രണ്ട് സെറ്റില്‍ പിന്നില്‍ നില്‍ക്കെ സോംഗ പരിക്കേറ്റ് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ സെമിയിലെത്തുന്നത്.