മോശം ഫോമും, സുഹൃത്തിന്‍റെ മരണവുമൊക്കെയായി സമ്മര്‍ദ്ദത്തിലാണ് വിടവാങ്ങല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട്. ഡി ഗ്രാസ് പിന്മാറിയെങ്കിലും 100 മീറ്ററില്‍ ബോള്‍ട്ടിന് ജയം എളുപ്പമായേക്കില്ല.

ബോള്‍ട്ടിന് അത്ര മികച്ച വര്‍ഷമൊന്നുമല്ല 2017 ഇതുവരെ . 100 മീറ്റര്‍ 10 സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് പൂര്‍ത്തിയാക്കിയത് ഒരു തവണ മാത്രം. സീസണിലെ മികച്ച പ്രകടനമായ 9.95 സെക്കന്‍ഡ് ബോള്‍ട്ടിനെ എത്തിക്കുന്നത് ഏഴാം റാങ്കില്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബോള്‍ട്ടിന്‍റെ മുഖ്യ എതിരാളിയായ ജസ്റ്റിന്‍ ഗാട്‍‍ലിനും സീസണിലെ മികച്ച പ്രകടനം 9.95സെക്കന്‍ഡ് ആണ്. 35 കാരനായ ഗാട്‍ലിന്‍ കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പിലെ
അത്രയും മികച്ച ഫോമില്‍ അല്ലെന്നാണ് പൊതുവ ഉള്ള വിലയിരുത്തല്‍

സീസണിലെ അതിവേഗക്കാരന്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ്. 21കാരനായ കോള്‍മോന്‍റെ 9.82 സെക്കന്‍ഡ് സമയമാണ് സീസണ്‍ ബെസ്റ്റ്. എന്നാല്‍ അമേരിക്കയ്‌ക്കും കാനഡയ്‌ക്കും പുറത്ത് അധികം മത്സരിച്ചിട്ടില്ലാത്തത് കോള്‍മാന് തിരിച്ചടിയായേക്കും.

ഇന്ന് രാത്രി ബോള്‍ട്ടിന് ഏറ്റവും വലിയ ഭീഷണി നാട്ടുകാരനായ യൊഹാന്‍ ബ്ലേക്ക് ആകുമെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല. സീസണില്‍ 9.9 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ബ്ലേക്കിന് ബോള്‍ട്ടിനെ അട്ടിമറിച്ച ചരിത്രവും പ്രതീക്ഷ നല്‍കും

ദക്ഷിണാഫ്രിക്കയുടെ അകാനി സിംബീനി ആണ് ശ്രദ്ധിക്കേണ്ട മറ്റൊരു സ്‌പ്രിന്‍റര്‍. 23കാരനായ താരം ഈ വര്‍ഷം സീസണില്‍ എട്ട് തവണ ഇതിനോടകം 10 സെക്കന്‍ഡില്‍ താഴെ സമയത്തില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഈ വര്‍ഷം കാറ്റിന്‍റെ സഹായത്തോടെ 9.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കനേഡിയന്‍ സ്‌പ്രിന്‍റര്‍ ആന്ദ്രേ ഡി ഗ്രാസ് മത്സരിക്കുന്നില്ലെന്നതും എടുത്തുപറയണം. റിയോ ഒളിംപിക്‌സിലെ അതിവേഗക്കാരനാകാന്‍ 9.81 സമയമാണ് ബോള്‍ട്ടിന് വേണ്ടിവന്നത്. ലണ്ടനില്‍ ഒന്നാമതെത്തണമെങ്കില്‍ സമാനമായ വേഗം കണ്ടെത്തേണ്ടിവരും ജമൈക്കന്‍ ഇതിഹാസം.