രണ്ടായിരത്തിരണ്ടില്‍ ജമൈക്കയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ 200 മീറ്ററില്‍ ലോക ജൂനിയര്‍ സ്വര്‍ണം നേടിയാണ് ഉസൈന്‍ ബോള്‍ട്ട് വരവറിയിച്ചത് . അവിടെ നിന്ന് സ്‌പ്രിന്റ് ഇതിഹാസത്തിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടേയിരുന്നു..

2008 ലെ ബീജിംഗ് ഒളിമ്പിക്‌സ്. 9.63 സെക്കന്റുകൊണ്ട് ഒളിമ്പിക്‌സ് ചരിത്രം തിരുത്തി 100..മീറ്ററില്‍ സ്വര്‍ണ്ണം. 2009 ബെര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ കാലുകള്‍ മനഷ്യവേഗത്തെ മാറ്റിയെഴുതി. 100 മീറ്ററോടാന്‍ 9.58 സെക്കന്റുമാത്രം

2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയത് 9.63 സെക്കന്റില്‍. 2013ല്‍ മോസ്‌കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 9.77 സെക്കന്റു കൊണ്ട് ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണ്ണമണിഞ്ഞു.

ലോക വേദികളില്‍ ബോള്‍ട്ട് എറ്റവും കടുത്ത മത്സരം നേരിട്ടത് 2015 ബെയ്ജിംഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് സെക്കന്റുകളുടെ അശംത്തിന്റെ വ്യത്യാസത്തിലാണ് ജസ്റ്റ് ലിന്‍ ഗാറ്റ് ലിനെ മറികടന്ന് ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണ്ണം നേടിയത്. 9.79 സെക്കന്റു വേണ്ടിവന്നു 100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍. ജസ്റ്റ് ലിന്‍ ഗറ്റിലിന്‍ 9.8 സെക്കന്റുകൊണ്ട് രണ്ടാമനും.
വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉസൈന്‍ ബോള്‍ട്ടിന്റെ വേഗം പടി പടിയായി കുറഞ്ഞുവരുകയാണോ എന്ന് പലരും സംശയിച്ച നിമിഷം. അപ്പോഴും യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.
മറ്റു താരങ്ങള്‍ക്ക് അപ്രാപ്യമായ ഉയരത്തിലായിരുന്നു ഉസൈന്‍ ബോള്‍ട്ടിന്‍റെ പ്രകടനം.

2016ലെ റിയോ ഒളിമ്പിക്‌സില്‍ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണ്ണത്തിലേക്ക് ഓടിയടുത്തപ്പോള്‍ തുടര്‍ച്ചയായ മൂന്ന് ഒളിമ്പ്ക്‌സിലെ വേഗ രാജാവയി ബോള്‍ട്ട് ചരിത്രം രചിച്ചു. എട്ട് ഒളിമ്പിക്‌സ് സ്വര്‍ണ്ണവും 11 ലോക ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളും നേടി ആധുനിക അത്‍ലറ്റിക്‌സിന്‍റെ ചരിത്രം തന്നെ തിരുത്തി എഴുതി ഈ വേഗ രാജാവ്. അതിനിടയില്‍ ആകെ പിഴച്ചത് ഒരു തവണ മാത്രം. 2011ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍. അപ്പോഴും ബോള്‍ട്ടിന് ആശ്വസിക്കാം താന്‍ ഓടി തോറ്റതല്ലെന്ന്.