ജമൈക്ക: ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. ഇതിഹാസ സ്പ്രിന്ററായ ബോള്‍ട്ട് അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിച്ച ശേഷമാണ് ഫുട്‌ബോളിലേക്കെത്തിയത്. നിരവധി പ്രശസ്ത ക്ലബുകളില്‍ ട്രയല്‍സ് നടത്തിയ ബോള്‍ട്ട് ഓസ്‌ട്രേലിയന്‍ ക്ലബായ മറൈനേഴ്‌സിലൂടെ തന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തുകയും ചെയ്തു. എന്നാല്‍ ഇനി തിരികെ വരുന്നില്ലെന്ന് അറിയിച്ച് ഫുട്‌ബോളിനോട് വിട പറഞ്ഞിരിക്കുകയാണ് ബോള്‍ട്ട്. 

ഓസ്‌ട്രേലിയന്‍ ലീഗില്‍ ഒരു സന്നാഹ മത്സരത്തില്‍ ഇരട്ട ഗോളോടെയാണ് താരം വരവറിയിച്ചത്. പിന്നീട് ക്ലബുമായുള്ള കരാര്‍ ചര്‍ച്ചകളില്‍ ഉടക്കുണ്ടാവുകയും താരം ക്ലബുമായി വഴി പിരിയുകയും ചെയ്യുകയായിരുന്നു. 

ഫുട്‌ബോളര്‍ ആയുള്ള ചെറിയ കാലം വലിയ തോതില്‍ ആസ്വദിച്ചു എന്ന് ബോള്‍ട്ട് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. ഫുട്‌ബോള്‍ തുടര്‍ന്നാല്‍ അത് ഫലവത്താവില്ലെന്ന ബോധ്യം കൊണ്ടാണ് വിരമിക്കുന്നതെന്നും താരം അറിയിച്ചു.