ലണ്ടന്‍: സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോള്‍ട്ടിന് 2008 ബീജിംഗ് ഒളിംപിക്സില്‍ നേടിയ റിലേ സ്വർണ്ണം നഷ്ടമായി. ബീജിംഗ് ഒളിംപിക്സില്‍ 4*100 മീറ്റര്‍ റിലേയില്‍ സ്വർണ്ണമാണ് ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീമിന് നഷ്ടമായത്. ബോള്‍ട്ടിന്റെ റിലേ ടീമംഗമായിരുന്ന നെസ്റ്റ കാർട്ടര്‍(31) ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് ജമൈക്കൻ ടീം അയോഗ്യരാക്കപ്പെട്ടത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് ഒളിംപിക്സുകളില്‍ 'ട്രിപ്പിള്‍ ട്രിപ്പിള്‍' നേടിയ ബോള്‍ട്ടിന്റെ റെക്കോര്‍ഡും നഷ്ടമായി. ബീജിംഗ് ഒളിംപിക്സിനിടെ ശേഖരിച്ച നെസ്റ്റ കാര്‍ട്ടറുടെ രക്ത-മൂത്ര സാംപിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പോസറ്റീവാണെന്ന് കണ്ടെത്തിയത്.

കാര്‍ട്ടര്‍ ആണ് ബീജിംഗ് ഒളിംപിക്സ് റിലേ ഫൈനലില്‍ ജമൈക്കയ്ക്കായി ആദ്യ ലാപ് ഓടിയത്. ലോക റെക്കോര്‍ഡ് സമയമായ 37.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ജമൈക്കന്‍ ടീം സ്വര്‍ണമണിഞ്ഞത്. ബിജിംഗ് ഒളിംപിക്സില്‍ 100, 200 മീറ്റര്‍ സ്വര്‍ണമണിഞ്ഞിരുന്ന ബോള്‍ട്ട് റിലേ സ്വര്‍ണത്തോടെ ബീജിംഗില്‍ ട്രിപ്പിള്‍ തികച്ചിരുന്നു. പിന്നീട് 2012ലും 2016ലും നേട്ടം ആവര്‍ത്തിച്ചാണ് ട്രിപ്പിള്‍ ട്രിപ്പിള്‍ തികച്ച് ഇതിഹാസമായത്.

റിയോ ഒളിംപിക്സിന് മുന്നോടിയായി ഉത്തേജക മരുന്നുപയോഗം കണ്ടെത്താനായി ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ചുള്ള പരിശോധന രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) നടപ്പാക്കിയിരുന്നു. ഇതിലൂടെ 454 താരങ്ങളുടെ രക്ത-മൂത്ര സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിലാണ് ഇപ്പോള്‍ കാര്‍ട്ടറും പിടിക്കപ്പെട്ടിരിക്കുന്നത്. റിയോയില്‍ കാര്‍ട്ടര്‍ മത്സരിച്ചിരുന്നില്ല.

കാര്‍ട്ടറിനും ബോള്‍ട്ടിനും പുറമെ മൈക്കര്‍ ഫ്രാറ്റര്‍, അസഫാ പാവല്‍ എന്നിവരായരുന്നു 2008ലെ ബീജീംഗ് ഒളിംപിക്സില്‍ ജമൈക്കന്‍ റിലേ ടീമിലുണ്ടായിരുന്നത്.കാര്‍ട്ടര്‍ മരുന്നടിച്ചുവെന്ന് വ്യക്തമായതോടെ ഇവരുടെ മെഡലുകളും നഷ്ടമായി. ബീജിംഗ് ഒളിപിക്സിന് പുറമെ 2011, 2013, 2015 ലോക ചാമ്പ്യന്‍ഷിപ്പുകളിലും 2012ലെ ലണ്ടന്‍ ഒളിംപിക്സിലും കാര്‍ട്ടര്‍ ജമൈക്കന്‍ റിലേ ടീമിലുണ്ടായിരുന്നെങ്കിലും ഈ മത്സരങ്ങളിലെ പരിശോധനാഫലങ്ങളിലൊന്നും കാര്‍ട്ടര്‍ മരുന്നടിച്ചതായി തെളിഞ്ഞിട്ടില്ല.

സഹാതാരം മരുന്നടിച്ചു ചതിച്ചുവെന്ന് വ്യക്തമായാല്‍ മെഡല്‍ തിരിച്ചുനല്‍കാന്‍ തനിക്ക് മടിയില്ലെന്ന് കഴിഞ്ഞ വര്‍ഷം ബോള്‍ട്ട് വ്യക്തമാക്കിയിരുന്നു. 100 മീറ്ററില്‍ ലോകത്തിലെ ആറാമത്തെ വേഗമേറിയ താരം കൂടിയായിരുന്നു കാര്‍ട്ടര്‍.