സ്വന്തം തട്ടകത്തില്‍ കിങ്സ് ഇലവന്‍ ഒരുക്കിയ 139 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റും 17 പന്തും ശേഷിക്കെയാണ് കൊല്‍ക്കത്ത മറികടന്നത്. 53 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയും 34 റണ്‍സെടുത്ത നായകന്‍ ഗൗതം ഗംഭീറുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഈ മല്‍സരത്തോടെ ഐപിഎല്ലില്‍ ഇതുവരെയുള്ള 14 മല്‍സരങ്ങളില്‍ 13ലും രണ്ടാമത് ബാറ്റുചെയ്‌തവരാണ് ജയിച്ചത്. അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങിയ റോബിന്‍ ഉത്തപ്പയാണ് മാന്‍ ഓഫ് ദ മാച്ച്.
സ്കോര്‍- കിങ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ എട്ടിന് 138 & കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 17.1 ഓവറില്‍ നാലിന് 141
നേരത്തെ ടോസ് നഷ്‌പ്പെട്ട് ആദ്യം ബാറ്റുചെയ്‌ത കിങ്സ് ഇലവന്‍ പഞ്ചാബിന് പ്രതീക്ഷിച്ച സ്‌കോര്‍ കണ്ടെത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തി കൊല്‍ക്കത്ത ബൗളര്‍മാര്‍ പ്രതിരോധം സൃഷ്‌ടിച്ചപ്പോള്‍ പുറത്താകാതെ 56 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും 26 റണ്‍സെടുത്ത മുരളി വിജയ്‌യും മാത്രമാണ് തിളങ്ങിയത്. മറ്റൊരു ബാറ്റ്‌സ്‌മാനും രണ്ടക്കം കാണാനായില്ല. കൊല്‍ക്കത്തയ്‌ക്കുവേണ്ടി മോണെ മോര്‍ക്കലും സുനില്‍ നരെയ്‌നും രണ്ടു വിക്കറ്റ് വീതമെടുത്തു.
ഈ ജയത്തോടെ നാലു കളികളില്‍ മൂന്നു വിജയം ഉള്‍പ്പടെ ആറു പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആറു പോയിന്റ് ഉണ്ടെങ്കിലും ഗുജറാത്ത് ലയണ്‍സ് നെറ്റ് റണ്‍ നിരക്കില്‍ രണ്ടാം സ്ഥാനത്താണ്. നാലു കളികളില്‍ ഒരു വിജയം മാത്രമുള്ള കിങ്സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
