താരലേലം പുരോഗമിക്കവെ ചെന്നൈ സൂപ്പര്‍കിങ്സിൽ വെറ്ററൻ താരങ്ങള്‍ കൂടുന്നതായി ആരാധകര്‍ക്ക് ആശങ്ക. താരലേലത്തിന്റെ ആദ്യദിനത്തിൽ ചെന്നൈ സ്വന്തമാക്കിയ പ്രധാന താരങ്ങളെല്ലാം 35 വയസിനോട് അടുത്തവരും അതിന് മുകളിലും ഉള്ളവരാണ്. ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ൻ വാട്ട്സന്‍, ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്, മുൻ ഇന്ത്യൻ ഓഫ് സ്‌പിന്നര്‍ ഹര്‍ഭജൻ സിങ് എന്നിവരെയാണ് ഇന്ന് പ്രധാനമായും ചെന്നൈ സ്വന്തമാക്കിയത്. ഇതിൽ ഹര്‍ഭജന് 35 വയസിൽ കൂടുതലാണ് പ്രായം. വാട്ട്സന് 36 വയസും ഡുപ്ലെസിസിന് 34 വയസുമാണ് പ്രായം. ചെന്നൈ ആദ്യം നിലനിര്‍ത്തിയ മുൻ ഇന്ത്യൻ നായകൻ ധോണിക്ക് 34 വയസാണ് പ്രായം. ഇന്നു സ്വന്തമാക്കിയതിൽ കേദാര്‍ ജാദവ് മാത്രമാണ് ചെന്നൈയിലെ പ്രായം കുറഞ്ഞ താരം. പ്രായമേറിയ താരങ്ങളുടെ അനുഭവസമ്പത്ത് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാമെങ്കിലും, ടീമിന്റെ മുന്നേറ്റത്തിന് ഇത് എത്രത്തോളം സഹായകരമാകുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.