Asianet News MalayalamAsianet News Malayalam

രഞ്ജി ഫൈനല്‍: സൗരാഷ്ട്രയ്‌ക്കെതിരെ വിദര്‍ഭയ്ക്ക് വിജയപ്രതീക്ഷ

വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫി കിരീടത്തിലേക്ക്. വിര്‍ഭയ്‌ക്കെതിരെ 206 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സൗരാഷ്ട്ര നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചിന് 58 എന്ന നിലയിലാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 148 റണ്‍സ് കൂടി നേടിയാല്‍ മാത്രമെ സൗരാഷ്ട്രയ്ക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ.

Vidarbha in edge of victory over Sourashtra in Ranji Final
Author
Nagpur, First Published Feb 6, 2019, 5:14 PM IST

നാഗ്പുര്‍: വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫി കിരീടത്തിലേക്ക്. വിര്‍ഭയ്‌ക്കെതിരെ 206 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സൗരാഷ്ട്ര നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചിന് 58 എന്ന നിലയിലാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 148 റണ്‍സ് കൂടി നേടിയാല്‍ മാത്രമെ സൗരാഷ്ട്രയ്ക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. വി. ജഡേജ (23), കെ. മക്‌വാന (2) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നേടിയ ആദിത്യ സര്‍വാതെയാണ് സൗരാഷ്ട്രയെ തകര്‍ത്തത്. 

പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷകനാവാറുള്ള ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര റണ്‍സൊന്നുമെടുക്കാതെയാണ് രണ്ടാം ഇന്നിഹ്‌സില്‍ പുറത്തായത്. ഓപ്പണര്‍ ഹാര്‍വിക് ദേശായി (8), സ്‌നെല്‍ പട്ടേല്‍ (12), അര്‍പിത് വസവദ (5), ഷെല്‍ഡണ്‍ ജാക്‌സണ്‍ (7) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. സര്‍വാതെയ്ക്ക് പുറമെ ഉമേഷ് യാദവ്, അക്ഷയ് വഖാരെ  എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, അഞ്ച് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് വിദര്‍ഭ നേടിയത്. സൗരാഷ്ട്ര ബൗളര്‍മാര്‍ താളം കണ്ടെത്തിയപ്പോള്‍ വിദര്‍ഭയുടെ രണ്ടാം ഇന്നിംഗ്‌സ് 200ല്‍ അവസാനിച്ചു. മൊത്തത്തില്‍ 205 റണ്‍സ് ലീഡാണ് നിലവിലെ ചാംപ്യന്മാര്‍ക്ക് ലഭിച്ചത്. 49 റണ്‍സ് നേടിയ എ എ സര്‍വതെയും 38 റണ്‍സ് നേടിയ കലെയും 35 റണ്‍സ് നേടിയ ഗണേഷ് സതീഷും മാത്രമാണ് സൗരാഷ്ട്രയ്ക്ക് മുന്നില്‍ പിടിച്ചുനിന്നത്. ഓപ്പണര്‍മാരായ ഫസല്‍ 10 ഉം രാമസ്വാമി 16 ഉം റണ്‍സ് നേടി. വസീം ജാഫര്‍ 11 റണ്‍സിനും കര്‍നെവാര്‍ 18 ഉം ഉമേഷ് യാദവ് 15 ഉം റണ്‍സ് നേടി. ആറ് വിക്കറ്റ് നേടിയ ഡി എ ജഡേജയാണ് വിദര്‍ഭയെ തകര്‍ത്തത്.

നേരത്തെ വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സില്‍ 312 റണ്‍സ് നേടിയപ്പോള്‍ സൗരാഷ്ട്രയുടെ മറുപടി 307 ല്‍ അവസാനിച്ചിരുന്നു.  സ്‌നെല്‍ പട്ടേലിന്റെ സെഞ്ചുറിയും വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പുമായിരുന്നു സൗരാഷ്ട്രയ്ക്ക് വലിയ നേട്ടമായത്. പട്ടേല്‍ 102 റണ്‍സെടുത്തപ്പോള്‍ വാലറ്റത്ത് പ്രേരക് മങ്കാദ്(21), മക്വാന(27), ജഡേജ(23), ഉനദ്ഘട്ട്(46), ചേതന്‍ സക്കരിയ(28 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് സൗരാഷ്ട്രയെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന് തൊട്ടടുത്ത് എത്തിച്ചു. ഇതില്‍ അവസാന വിക്കറ്റില്‍ ഉനദ്ഘട്ടും സക്കരിയയും കൂട്ടിച്ചേര്‍ത്ത 60 റണ്‍സായിരുന്നു നിര്‍ണായകം.

Follow Us:
Download App:
  • android
  • ios