മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മുരളി വിജയ്‌ക്ക് സെഞ്ച്വറി. ഇംഗ്ലണ്ടിന്റെ 400 റണ്‍സിനെതിരെ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 247 എന്ന നിലയിലാണ് ഇന്ത്യ. 154 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനാകും. 124 റണ്‍സെടുത്ത മുരളി വിജയ്‌ക്കൊപ്പം നായകന്‍ വിരാട് കൊഹ്‌ലിയും(44) ക്രീസിലുണ്ട്. മുരളി വിജയ് ഇതുവരെ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുകളും നേടിയിട്ടുണ്ട്. തലേദിവസം 70 റണ്‍സെടുത്തിരുന്ന മുരളി വിജയ് 231 പന്തിലാണ് സെഞ്ച്വറി തികച്ചത്. ടെസ്റ്റില്‍ എട്ടാമത്തെ സെഞ്ച്വറിയാണ് മുരളി വിജയ് സ്വന്തമാക്കിയത്. പരമ്പരയില്‍ മുരളി വിജയ് നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയായിരുന്നു ഇത്.

ഒന്നിന് 146 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്‌ക്ക് 47 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് നഷ്‌ടമായത്. ജേക്ക് ബോളിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് പൂജാര പുറത്തായത്. 24 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റ് കഴിഞ്ഞ ദിവസം നഷ്‌ടമായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റുചെയ്‌ത ഇംഗ്ലണ്ട് 400 റണ്‍സിന് പുറത്താകുകയായിരുന്നു. സെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരന്‍ കീറ്റണ്‍ ജെന്നിങ്സിന്റെയും(112), ജോസ് ബട്ട്‌ലര്‍(76), മൊയിന്‍ അലി(50) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആറു വിക്കറ്റെടുത്ത ആര്‍ അശ്വിനും നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്‌ക്കായി ബൗളിംഗില്‍ തിളങ്ങിയത്.

അഞ്ചു മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്. ഈ മല്‍സരം തോല്‍ക്കാതിരുന്നാല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.