ദില്ലി: ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ ഷിപ്പില്‍ ചൈനയുടെ സുല്‍പികര്‍ മെയ്‌മെയ്താലി ഇടിച്ചിട്ട് ഇന്ത്യന്‍ താരം വിജേന്ദര്‍ സിംഗ് കിരീടം നില നിര്‍ത്തി. ജയത്തോടെ, ഏഷ്യ പസിഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാംപ്യനായിരുന്ന വിജേന്ദര്‍ മെയ്‌മെയ്തിയാലിയുടെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടവും പിടിച്ചെടുത്തു.
പ്രോഫബോക്‌സിങില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ ഒമ്പതാമത്തെ ജയം. വാശിയേറിയ മല്‍സരത്തില്‍ 9693, 9594, 9594 എന്നിങ്ങനെയാണ് വിജേന്ദറിന് ലഭിച്ച സ്‌കോര്‍. പ്രായത്തില്‍ ഇളമുറക്കാരനാണെങ്കിലും മല്‍സര പരിചയത്തില്‍ വിജേന്ദറിനൊപ്പം നില്‍ക്കുന്ന താരമായിരുന്നു മെയ്‌മെയ്തിയാലി. വിജേന്ദര്‍ ശനിയാഴ്ചത്തെ മല്‍സരം ഉള്‍പ്പെടെ ഒന്‍പത് പോരാട്ടങ്ങള്‍ക്കിറങ്ങിയപ്പോള്‍ ചൈനീസ് താരം ഒരെണ്ണം കൂടുതല്‍. പക്ഷേ, റൗണ്ടുകളുടെ എണ്ണത്തില്‍ വിജേന്ദറായിരുന്നു മുന്നില്‍.
