ലോക ബോക്‌സിംഗ് ഓര്‍ഗനൈസേഷന്‍ സൂപ്പര്‍ മി‍ഡില്‍ വെയ്റ്റ് വിഭാഗത്തില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഇന്ത്യയിലേയും ചൈനയിലേയും ഒന്നാം സ്ഥാനക്കാരായ വിജേന്ദറും മെയ്മതാലിയും തമ്മിലാണ് മത്സരം.

വാക് പോരുകളവസാനിച്ചു. ഇനി ഇടിക്കൂട്ടിലെ ഇടിമുഴക്കങ്ങള്‍ മാത്രം. കരിയറില്‍ പരാജയം രുചിച്ചിട്ടില്ലാത്ത രണ്ട് ഏഷ്യാക്കാരുടെ ഇടിപ്പോരിനിട്ട പേര് ബാറ്റില്‍ ഗ്രൗണ്ട് ഏഷ്യ.

ഓറിയന്റല്‍ ചാമ്പ്യനാണ് സുല്‍ഫിക്കര്‍ മയ്മതാലി ഏഷ്യാ പസഫിക് പട്ടം നിലനിര്‍ത്താനൊരുങ്ങുന്ന വിജേന്ദ്ര സിംഗിന് പോന്ന എതിരാളി തന്നെ. വിജേന്ദറിനെക്കാള്‍ പ്രായക്കുറവുള്ള മെയ്മതാലി ഇടം കയ്യനാണ്. സുല്‍പിക്കറിന്‍റെ പ്രായക്കുറവ് തന്നെയാണ് അദ്ദേഹത്തിന്‍റെ പരിമിതിയെന്നും, ധൃതിപ്പെട്ട് മതസരം ജയിക്കാന്‍ ശ്രമിക്കില്ലെന്നും ഇന്ത്യന്‍ താരം വിജേന്ദര്‍ സിംഗ് വ്യക്തമാക്കി.

പ്രൊഫഷണല്‍ ബോക്‌സിംഗില്‍ എട്ടു മത്സരങ്ങള്‍ കളിച്ച വിജേന്ദറിന് എഴിലും നോക്കൗട്ട് വിജയങ്ങളായിരുന്നു. സുല്‍ഫിക്കറിന് ഒന്‍പതു മത്സരങ്ങളില്‍ എട്ടു ജയം ഒരു സമനില. ഇനി അറിയേണ്ടത് രണ്ടിലൊന്നു മാത്രം കരിയറിലെ ആദ്യ പരാജയം വിജേന്ദറിനോ സുല്‍പിക്കര്‍ മയ്മതാലിക്കോ? അതോ ആരും പ്രതീക്ഷിക്കാത്തൊരു സമനിലയോ? കാത്തിരിക്കാം ആ ഇടിമുഴക്കങ്ങള്‍ക്കായി.