കോഴിക്കോട്: ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്കെത്തിയ മലയാളി താരങ്ങള്‍ക്ക് ഉജ്വല സ്വീകരണം. കണ്ണൂരിലെത്തിയ സികെ വിനീതും കാസര്‍കോട് തൃക്കരിപ്പൂരിലെത്തിയ മുഹമ്മദ് റാഫിയുമാണ് നാട്ടുകാരുടെ സ്നേഹം ഏറ്റുവാങ്ങിയത്. കലാശപോരാട്ടത്തില്‍ തോറ്റെങ്കിലും അവസാന നിമിഷം വരെ പൊരുതിയ താരങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ ഉജ്വല വരവേല്‍പാണ് ഫുട്ബോള്‍ പ്രേമികള്‍ നല്‍കിയത്.

കണ്ണൂരിലെത്തിയ ബ്ലാസ്റ്റേഴ്‌സിന്‍റെ ടോപ് സ്കോറര്‍ സി കെ വിനീതിന്  റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വിനീതിന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഉപഹാരവും സമര്‍പ്പിച്ചു.സ്വീകരണങ്ങള്‍ക്കും നല്‍കിയ പിന്തുണയ്‌ക്കും നന്ദിയുണ്ടെന്ന് വിനീത് പറഞ്ഞു.

ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സനായി ഗോളടിച്ച മുഹമ്മദ് റാഫിയെ കാണാന്‍ നിരവധിയാളുകളാണ്  ജന്മനാടായ തൃക്കരിപ്പൂരിലെത്തിയത്.റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മുഹമ്മദ് റാഫിയെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.തൃക്കരിപ്പൂര്‍ പൗരാവലിയുടേയും ഹിറ്റാച്ചി ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.