മുംബൈ: സ്കൂള്‍ കാലം മുതലെ കളിക്കൂട്ടുകാരായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും വീണ്ടും നേരില്‍ക്കാണുമ്പോള്‍ എങ്ങനെയായിരിക്കും പരസ്പരം അഭിവാദ്യം ചെയ്യുക. പരസ്പരം ആലിംഗനം ചെയ്തോ കൈ കൊടുത്തോ എന്നെല്ലാം ധരിക്കുന്നവര്‍ക്ക് തെറ്റി. കഴിഞ്ഞദിവസം മുംബൈ ടി20 ലീഗിന്റെ ഫൈനലിനുശേഷം നടന്ന സമ്മാനദാന ചടങ്ങില്‍വെച്ച് ഇരുവരും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ സച്ചിന്റെ കാല്‍തൊട്ട് വണങ്ങിയാണ് കാംബ്ലി ആദരവ് പ്രകടിപ്പിച്ചത്.

ടൂര്‍ണമെന്റില്‍ കളിച്ച ശിവാജി പാര്‍ക്ക് ലയണ്‍സിന്റെ പരിശീലകന്‍കൂടിയായിരുന്നു കാംബ്ലി. ഫൈനലില്‍ കാംബ്ലിയുടെ ടീം മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് മൂന്ന് റണ്‍സിന് തോറ്റിരുന്നു. സുനില്‍ ഗവാസ്കറായിരുന്നു സമ്മാനദാനച്ചടങ്ങില്‍ റണ്ണേഴ്സ് അപ് മെഡല്‍ സമ്മാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഗവാസ്കര്‍ ഈ അവസരം സച്ചിന് നല്‍കുകയായിരുന്നു. മെഡല്‍ കഴുത്തിലണിഞ്ഞ് കാല്‍തൊട്ട് വണങ്ങാനൊരുങ്ങിയ കാംബ്ലിയെ ഉടന്‍ പിടിച്ചെഴുന്നേല്‍പ്പിച്ച സച്ചിന്‍ അദ്ദേഹത്തെ ആശ്ലേഷിച്ചു.

സ്കൂള്‍ കാലഘട്ടത്തില്‍ ഹാരിസ് ഷീല്‍ഡ് ട്രോഫിയില്‍ സച്ചിനും കാംബ്ലിയും ചേര്‍ന്ന് 664 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയതോടെയാണ് ക്രിക്കറ്റ് ലോകം ഇരുവരെയും ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ ടീമിലും ഇരുവരും ഒരുമിച്ച് കളിച്ചു.