ഗോള്‍: ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗണ്ടറി ലൈനില്‍ പന്തെടുക്കാനെത്തിയ ബോള്‍ ബോയിയോട് മോശമായി പെരുമാറിയെന്ന് ആക്ഷേപം. ശ്രീലങ്കന്‍ ബാറ്റിംഗിനിടെയായിരുന്നു കലിപ്പുമൂത്ത കോലി ബൗണ്ടറി ലൈനിനരികില്‍ പന്ത് കാലുകൊണ്ട് തൊഴിച്ചു കളഞ്ഞത്. ഈ സമയം പന്തെടുക്കാനായി കുനിഞ്ഞ ബോള്‍ ബോയ് കോലിയുടെ കിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുത്തുനില്‍ക്കെയായിരുന്നു നാടകീയ സംഭവം. ഉമേഷ് യാദവിന്റെ പന്ത് ഉപുല്‍ തരംഗ കവറിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു. പന്തിന് പിന്നാലെ ഓടിയ കോലിക്ക് അത് ബൗണ്ടറി കടക്കുന്നത് തടയാനായില്ല. പന്ത് തടയാന്‍ കഴിയാത്തതിലുള്ള ദേഷ്യം കോലി തീര്‍ത്തത് പന്തിന്‍മേല്‍ തന്നെയായിരുന്നു. പന്തില്‍ കോലി ആഞ്ഞുതൊഴിച്ചു.

ഈ സമയം ബൗണ്ടറി കടന്ന പന്തെടുക്കാന്‍ കുനിഞ്ഞ ബോള്‍ ബോയ് അവസരോചിതമായി മാറിയതിനാല്‍ കോലിയുടെ തൊഴിയും പന്തും ദേഹത്തുകൊള്ളാതെ രക്ഷപ്പെട്ടു. കോലിയുടെ നടപടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുകയും ചെയ്തു.