കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലായത് വിരാട് കോലി-രോഹിത് ശര്‍മ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ധവാന്‍ വീണശേഷം ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അടിച്ചെടുത്തത് 230 റണ്‍സ്. ഒപ്പം ഒരുപിടി റെക്കോര്‍ഡുകളും ഇരുവരും സ്വന്തം പേരിലെഴുതി. രോഹിത് കരിയറിലെ പതിനഞ്ചാം സെഞ്ചുറിയും കോലി 32-ാം സെഞ്ചുറിയുമാണ് നേടിയത്.

  • ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടുകളെന്ന ലോക റെക്കോര്‍ഡ് കോലിയുടെയും രോഹിത് ശര്‍മയുടെയും പേരിലായി. ഇത് നാലാം തവണയാണ് ഇരുവരും ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്. സച്ചിന്‍-ഗാംഗുലി സഖ്യത്തിന്റെ റെക്കോര്‍ഡാണ് ഇരുവരും പഴങ്കഥയാക്കിയത്.
  • ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയാകുന്ന താരമെന്ന റെക്കോര്‍ഡും കോലിയുടെ പേരിലായി.
  • ഈ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി കോലി മാറി. ഇത് രണ്ടാം തവണയാണ് കോലി ഈ നേട്ടം പിന്നിടുന്നത്.
  • കോലി ക്യാപ്റ്റനെന്ന നിലയില്‍ രാജ്യാന്തര ക്രിക്രറ്റില്‍ അതിവേഗം 5000 റണ്‍സ് പിന്നിടുന്ന താരമായി. 93 ഇന്നിംഗ്സില്‍ നിന്നാണ് കോലിയുടെ നേട്ടം.
  • ഏകദിന ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിട്ട കോലി അതിവേഗം ഈ നേട്ടം കൈവരിക്കുന്ന താരമായി. 194 ഇന്നിംഗ്സില്‍ നിന്നാണ് കോലിയുടെ നേട്ടം. 205 ഇന്നിംഗ്സില്‍ 9000 പിന്നിട്ട ഡിവില്ലിയേഴ്സിനെയാണ് മറികടന്നത്.
  • ഏകദിന ക്രിക്കറ്റില്‍ കോലിക്ക് പിന്നാലെ ഈ വര്‍ഷം 1000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ താരമായി രോഹിത് ശര്‍മ.
  • മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി ഏകദിന ക്രിക്കറ്റില്‍ 50 വിക്കറ്റ് തികച്ച ജസ്പ്രീത് ബൂമ്ര അതിവേഗം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി. 28 മത്സരങ്ങളില്‍ നിന്നാണ് ബൂമ്ര 50 വിക്കറ്റ് തികച്ചത്. 23 കളികളില്‍ 50 വിക്കറ്റ് നേടിയിട്ടുള്ള അജിത് അഗാര്‍ക്കറാണ് ബൂമ്രയ്ക്ക് മുന്നില്‍.
  • കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ ഏഴാമത്തെ ഏകദിന പരമ്പര നേട്ടമാണിത്. മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും അവകാശപ്പെടാനാവാത്ത നേട്ടം.
  • സ്വന്തം നാട്ടില്‍ കോലി നേടുന്ന പതിനാലാമത്തെ സെഞ്ചുറിയാണിത്. 20 സെഞ്ചുറി നേടിയിട്ടുള്ള സച്ചിന്‍ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.