ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെയും, ടീം സ്റ്റാഫിന്‍റെയും പ്രതിഫലം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോലിയും പരാതി നല്‍കി. സുപ്രീം കോടതിയുടെ ഭരണസമിതിക്കു മുന്നില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇത് സംബന്ധിച്ച് ഇവര്‍ ആവശ്യമുന്നയിച്ചു. 

ഈ യോഗത്തില്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റി, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരും പങ്കെടുത്തു.
ഇപ്പോള്‍ ഗ്രേഡ് എ താരങ്ങള്‍ക്കു രണ്ടു കോടി രൂപയാണു വാര്‍ഷിക കരാര്‍ തുക. ഗ്രേഡ് ബി താരങ്ങള്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സി താരങ്ങള്‍ക്കു 50 ലക്ഷം രൂപയും ലഭിക്കും. ഇത് കുത്തനെ വര്‍ധിപ്പിക്കണമെന്നാണ് കളിക്കാരുടെ പ്രധാന ആവശ്യം.

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും കളിക്കുമെന്നുറപ്പുള്ള ഗ്രേഡ് എ താരങ്ങളുടെ വാര്‍ഷിക പ്രതിഫലം അഞ്ചു കോടി രൂപയാക്കണമെന്നും ഏറ്റവും ഉയര്‍ന്ന പ്രതിഫലം ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കണമെന്നുമാണ് കുംബ്ലെയും കോഹ്ലിയും ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാല്‍ ഫലത്തില്‍ ഗ്രേഡ് എയിലുളള മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് തിരിച്ചടിയാണ്. ടെസ്റ്റില്‍ നിന്നും ധോണി വിരമിച്ചതാണ് കാരണം.

ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയ്ക്ക് ഐപിഎല്ലില്‍ അവസരം ലഭിക്കാതിരിക്കുകയും രഞ്ജി ട്രോഫിയില്‍ പോലും സ്ഥാനമില്ലാത്ത പവന്‍ നേഗി വെറും 45 ദിവസം കൊണ്ടു എട്ടു കോടി രൂപ സമ്പാദിക്കുകയും ചെയ്യുന്ന സാഹചര്യം പരിശോധിക്കപ്പെടണമെന്നു കുംബ്ലെ ആവശ്യപ്പെട്ടു. കൂടാതെ കുംബ്ലെയും കൂടി ഉള്‍പ്പെടുന്ന സപ്പോര്‍ട്ട് സ്റ്റാഫിനും പ്രതിഫലവര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്. 

കളിക്കാരുടെയും കോച്ചന്റേയും ആവശ്യം സശ്രദ്ധം കേട്ട ഭരണസമിതിയിലുള്‍പ്പെട്ട വിനോദ് റായിയും വിക്രം ലിമായെയും ബോര്‍ഡംഗങ്ങളോടു റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശിച്ചു. അവസാന തീരുമാനം ബിസിസിഐയുടെ ആയിരിക്കും