കേപ് ടൗണ്‍: ലോകം ന്യൂ ഇയര്‍ ആഘോഷത്തിന്‍റെ തിരക്കിലാണ്. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ടീമിനൊപ്പം ചേര്‍ന്ന വിരാട് കോലി ഭാര്യ അനുഷ്കയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ്. എന്നാല്‍ പരിശീലന തിരക്കുകള്‍ക്കിടയില്‍ ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേരാന്‍ വിരുഷ്ക മറന്നില്ല.
എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നതായി ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മനോഹര ചിത്രം സഹിതമായിരുന്നു ആരാധകര്‍ക്കുള്ള ആശംസ. എന്നാല്‍ ഇരുവരും ട്വീറ്റ് ചെയ്ത സന്ദേശം ഒന്ന് തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. കോലിയുടെ ആശംസ എത്തിയതിനു തൊട്ടുപിന്നാലെ ഒരു മിനുറ്റ് ശേഷമായിരുന്നു അനുഷ്കയുടെ സന്ദേശവും പ്രത്യക്ഷപ്പെട്ടത്.
തിരികെ പുതുവത്സരാശംസകള്‍ കൈമാറാന്‍ ഇരുവരുടെയും ആരാധകര്‍ മറന്നില്ല. കോലിയുടെ നായകത്വത്തില്‍ മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്‍റി മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. വിദേശ മണ്ണില്‍ കാലിടറുന്നവര്‍ എന്ന ദുഷ്‌പേര് മാറ്റാന്‍ ഇന്ത്യയ്ക്ക് വിജയിച്ചേ മതിയാകൂ.
