കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഠിന പരിശീലനത്തിലാണ്. പ്രോട്ടീസ് മണ്ണിലെ ആദ്യ പരമ്പര വിജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ഒഴിവുവേളകളില്‍ പുതുവത്സരം ആഘോഷിച്ചും ഷോപ്പിംഗ് നടത്തിയും ദക്ഷിണാഫ്രിക്കന്‍ പര്യടനം ആസ്വദിക്കുകയാണ് താരങ്ങള്‍. എന്നാല്‍ ഷോപ്പിംഗിനിറങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ വെട്ടിലായത് നായകന്‍ വിരാട് കോലിയും അനുഷ്ക ശര്‍മ്മയുമാണ്.
അമ്പത് ശതമാനം വിലക്കിഴിവ് എന്നെഴുതിയ കടയുടെ മുന്നില്‍ നില്‍ക്കുന്ന കോലിയുടെയും അനുഷ്കയുടെയും ചിത്രമാണ് ട്രോളര്‍മാര്‍ എറ്റെടുത്തത്. വിവാഹ ശേഷം വിലക്കിഴിവുള്ള കടകള്‍ തെരഞ്ഞ് കോലിയിറങ്ങി എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. ഇന്ത്യക്കാര്‍ ഡിസ്‌കൗണ്ട് ഉള്ളയിടങ്ങളില്‍ മാത്രമേ ഷോപ്പിംഗ് നടത്തൂ എന്നായി മറ്റൊരാളുടെ ട്വീറ്റ്. ഇരുവരും വിവാഹത്തിന് മുമ്പും ശേഷവും ഷോപ്പിംഗ് നടത്തുന്നതിലെ വ്യത്യാസവും ചിലര്‍ ചൂണ്ടിക്കാട്ടി.
കോലിയുടെ നായകത്വത്തില്‍ മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്‍റി മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്നത്. വിദേശ മണ്ണില്‍ കാലിടറുന്നവര്‍ എന്ന ദുഷ്‌പേര് മാറ്റാന്‍ ഇന്ത്യയ്ക്ക് വിജയിക്കേണ്ടത് അത്യാവശ്യമാണ്. ജനുവരി അഞ്ചിന് കേപ് ടൗണിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഡിസംബര്‍ 11 ഇറ്റലിയിലായിരുന്നു വിരാട് കോലിയുടെയും അനുഷ്ക ശര്‍മ്മയുടെയും വിവാഹം.
