ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ മത്സരങ്ങള്‍ കാണാന്‍ ആരാധകരോട് ആവശ്യപ്പെട്ട് കോലി
ദില്ലി: കടുത്ത ഫുട്ബോള് ആരാധകനാണ് ഇന്ത്യന് ക്രിക്കറ്റ് ടീം നായകന് വിരാട് കോലി. മുമ്പ് പല തലവണ ഫുട്ബോളിനോടുള്ള ഇഷ്ടം കോലി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള് ഇന്ത്യന് ഫുട്ബോള് ടീമിനും നായകന് സുനില് ഛേത്രിക്കും പിന്തുണ നല്കി രംഗത്തെത്തിയിരിക്കുകയാണ് കോലി. ഇന്റര്കോണ്ടിനന്റല് കപ്പില് മത്സരിക്കുന്ന ഇന്ത്യന് ടീമിന് പിന്തുണ ആവശ്യപ്പെട്ടുള്ള ഛേത്രിയുടെ വീഡിയോയ്ക്ക് മറുപടിയായാണ് കോലി പിന്തുണയറിച്ചത്.
ഇന്ത്യന് ടീമിനെ വിമർശിച്ചോളൂ, എന്നാല് ദയവായി മത്സരങ്ങള് കാണുക എന്നാണ് ആരാധകരോട് സുനില് ഛേത്രി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ടീമിനെ പ്രോത്സാഹിപ്പിക്കാന് ആരാധകരോട് സ്റ്റേഡിയങ്ങളിലെത്താന് കോലി ട്വിറ്റർ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ചൈനീസ് തായ്പേയിക്കെതിരായ ഇന്ത്യയുടെ മത്സരം കാണാന് വെറും 2,569 പേര് മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തില് ഛേത്രിയുടെ ഹാട്രിക്കില് ഇന്ത്യ ഏകപക്ഷീയമായ അഞ്ച് ഗോളുകള്ക്ക് വിജയിച്ചിരുന്നു.
