ഏകദിനക്രിക്കറ്റില്‍ വിരാട് കോലി 35 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ക്രിക്കറ്റ് ലോകം കോലിയെ പ്രശംസ കൊണ്ടു മൂടുകയാണ്. കോലിയെ കുറിച്ചാണ് എല്ലാ താരങ്ങള്‍ക്കും പറയാനുള്ളത്. ക്രിക്കറ്റ് ഇതിഹാസം റിച്ചാര്‍ഡ്സിനെക്കാളും കേമനാണ് കോലിയെന്നാണ് ടീം ഇന്ത്യയുടെ മുന്‍ നായകന്‍‌ സൗരവ് ഗാംഗുലി പറയുന്നു.

വിരാട് കോലി റിച്ചാര്‍ഡ്സിനെക്കാളും കേമനോ എന്ന ചോദ്യത്തിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെയായിരുന്നു. തീര്‍ച്ചയായും. കണക്കുകള്‍ അങ്ങനെയാണ് കാണിക്കുന്നത്. അവരെ ഞാന്‍ താരതമ്യം ചെയ്യുകയല്ല. കോലി 35 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. റിച്ചാര്‍ഡ്സ് എത്ര സെഞ്ച്വറികള്‍ എടുത്തെന്ന് എനിക്ക് കൃത്യമായി അറിയില്ല; പതിനാലോ പതിനഞ്ചോ. ഞാന്‍ റിച്ചാര്‍ഡിനേക്കാളും മികച്ചതായി കാണുന്നത് കോലിയെ തന്നെയാണ്. ഒരിക്കലും മോശമായ ഷോട്ടോ സ്‍ട്രോക്കോ കോലിയില്‍ നിന്ന് ഉണ്ടാകില്ല. സെഞ്ച്വറിയിലേക്ക് എത്തുകയും ചെയ്യും. കഴിഞ്ഞ 30-35 വര്‍ഷങ്ങളില്‍ ഞാന്‍ അങ്ങനെ രണ്ടുപേരെ മാത്രമേ കണ്ടിട്ടുള്ളൂ, കോലിയെയും സച്ചിനെയും. കോലി ഏകദിനക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തിലേക്ക് അടുക്കുകയാണ്. കോലിയെയും സച്ചിനെയും താരതമ്യം ചെയ്യാനില്ല. പക്ഷേ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോലിയുടെ പ്രകടനം അവിസ്‍മരണീയമാണ്. വെറും 30 വയസ്സിനുള്ളില്‍ 35 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ സച്ചിന്റെ 49 സെഞ്ച്വറി എന്ന റെക്കോര്‍ഡ് മറികടന്നേയ്‍ക്കും. ഞാന്‍ അവരെ താരതമ്യം ചെയ്യുന്നില്ല. പക്ഷേ ഞാന്‍ കണ്ടിട്ടുള്ളതില്‍‌ ഏറ്റവും മികച്ച താരങ്ങളാണ് അവര്‍ രണ്ടുപേരും- സൗരവ് ഗാംഗുലി പറഞ്ഞു.