ഷാര്‍ജ: സെഞ്ചുറിയില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി സച്ചിനെ മറികടക്കുമെന്ന് ഇതിഹാസ പാക് ബൗളര്‍ ഷൊയൈബ് അക്തര്‍. എന്നാല്‍ കോലി നേടുമെന്ന് അക്തര്‍ പറയുന്ന സെഞ്ചുറികളുടെ എണ്ണം കേട്ടാല്‍ ഞെട്ടും. കോലി അന്താരാഷ്ട്ര കരിയറില്‍ 120 സെഞ്ചുറികള്‍ നേടുമെന്നാണ് റാവല്‍പിണ്ടി എക്‌സ്പ്രസിന്‍റെ പ്രവചനം.
എന്നാല്‍ കോലിയെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറുമായി താരതമ്യം ചെയ്യുന്നത് യുക്തിയല്ലെന്നും അക്തര്‍ വ്യക്തമാക്കി. സച്ചിന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ള ഏക താരമാണ് കോലി. സമ്മര്‍ദ്ധങ്ങളില്ലാതെ അസ്വദിച്ചാണ് കോലി ബാറ്റേന്തുന്നത്. സച്ചിന്‍ എക്കാലത്തെയും മികച്ച താരമാണെങ്കില്‍ കോലി സമനകാലിക ഇതിഹാസമാണെന്ന് അക്തര്‍ പറയുന്നു.
ഇന്ത്യന്‍ നായകന്‍ ഇതിനകം 50 അന്താരാഷട്ര സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാക്കിസ്താന്‍ മുന്‍ നായകന്‍ മിസ്ബാ ഉള്‍ ഹഖിന് 43-ാം വയസുവരെ കളിക്കാമെങ്കില്‍ കോലി 44-ാം വയസിലും കളിക്കുമെന്നും അക്തര്‍ പറഞ്ഞു. ഹാഷിം അംലക്കൊപ്പം വേഗതയില്‍ 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമാണ് കോലി.
വെറും 348 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. ഏകദിനങ്ങളില്‍ 32 സെഞ്ചുറികളും ടെസ്റ്റില്‍ 18 സെഞ്ചുറികളമടക്കമാണ് രാജ്യാന്തര ക്രിക്കറ്റില്‍ 50 സെഞ്ചുറികളെന്ന അപൂര്‍വ നേട്ടം കുറിച്ചത്. ലോകോത്തര ബാറ്റ്സ്മാനായ കോലിക്കെതിരെ പന്തെറിയാന്‍ ആഗ്രഹമില്ലെന്ന് ഷൊയൈബ് അക്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
