ഹൈദരാബാദ്: ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ തോല്‍വിയറിയാതെ 19 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് നായകന്‍ വിരാട് കോഹ്ലി മറികടന്നത് സുനില്‍ ഗാവസ്‌കറിന്‍റെ റെക്കോഡ്. ഇതുവരെ അപരാജിത കുതിപ്പിനുള്ള ഇന്ത്യന്‍ റെക്കോഡ് 1976-80 കാലഘട്ടത്തില്‍ ഗാവസ്‌കര്‍ നയിച്ച ഇന്ത്യന്‍ ടീമിന്റെ പേരിലായിരുന്നു. 18 ജയങ്ങളായിരുന്നു ഗാവസ്‌കറും സംഘവും അന്ന് അപരാജിതരായി പൂര്‍ത്തിയാക്കിയത്.
ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്‌റ്റില്‍ 18-മത്തെ ജയം നേടി ഈ റെക്കോഡിനൊപ്പമെത്തിയ കോഹ്ലിപ്പട ഇന്നലെ അത് സ്വന്തം പേരിലാക്കുകയും ചെയ്‌തു. മഹേന്ദ്ര സിങ് ധോണിയില്‍ നിന്നു നായകസ്‌ഥാനം ഏറ്റെടുത്ത ശേഷം 2015-ല്‍ ശ്രീലങ്കന്‍ പര്യടനത്തോടെയാണ് കോഹ്ലിയുടെ ടീം കുതിപ്പ് ആരംഭിച്ചത്.
ഗാലെയില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ തോല്‍വി നേരിട്ട ശേഷം തുടരെ രണ്ടു ടെസ്‌റ്റ് ജയിച്ച് പരമ്പര നേടിയ ഇന്ത്യ പിന്നീട് തോല്‍വി രുചിച്ചിട്ടേയില്ല. ദക്ഷിണാഫ്രിക്ക, വെസ്‌റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഏറ്റവുമൊടുവില്‍ ബംഗ്ലാദേശ് എന്നീ ടീമുകളാണ് ടീം ഇന്ത്യയുടെ ഈ കുതിപ്പില്‍ തലകുനിച്ചത്.
