കുംബ്ലെയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സിഇഒ ആയ രാഹുല്‍ ജോഹ്‌രിക്ക് കോലി തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചുവെന്നാണ് എഡുല്‍ജി പറയുന്നത്. അടിമുടി മാന്യനായ കുംബ്ലെയെ ആരാധകര്‍ക്ക് മുന്നില്‍ വില്ലനായി അവതരിപ്പിച്ചു.

മുംബൈ: ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്നാണ് വെപ്പ്. എന്നാല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനെ നിയമിക്കുന്നതിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളില്‍ നടന്ന മറ്റൊരു നാടകത്തിന്റെ കൂടി ചുരുളഴിക്കുമ്പോള്‍ മാന്യന്‍മാരുടെ കളിയെന്ന പേര് ഈ കളിക്ക് എത്രമാത്രം ചേരുമെന്ന് ആരാധകര്‍ ചോദിച്ചുപോവും.

ഇന്ത്യന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയെ പുകച്ചു പുറത്തുചാടിക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിച്ച കളികളെകുറിച്ച് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസിമിതിയിലെ അംഗവും മുന്‍ താരവുമായ ഡയാന എഡുല്‍ജിയാണ് പലതും തുറന്നു പറഞ്ഞിരിക്കുന്നത്. ഇടക്കാല ഭരണസമിതി തലവനായ വിനോദ് റായിക്ക് അയച്ച ഇ മെയില്‍ സന്ദേശങ്ങളിലാണ് കുംബ്ലെയെ പുറത്താക്കിയതില്‍ കോലിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് ഡയാന എഡുല്‍ജി വ്യക്തമാക്കുന്നത്.

കുംബ്ലെയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സിഇഒ ആയ രാഹുല്‍ ജോഹ്‌രിക്ക് കോലി തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചുവെന്നാണ് എഡുല്‍ജി പറയുന്നത്. അടിമുടി മാന്യനായ കുംബ്ലെയെ ആരാധകര്‍ക്ക് മുന്നില്‍ വില്ലനായി അവതരിപ്പിച്ചു. കുംബ്ലെ മാന്യനായതിനാല്‍ അദ്ദേഹം ഒന്നും പറയാതെ പിടിയിറങ്ങി. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. രവി ശാസ്ത്രിയെ പരിശീലകനാക്കാനായി നിയമങ്ങള്‍ കാറ്റില്‍ പറത്തി.

ശാസ്ത്രിക്ക് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനായി മാത്രം സമയപരിധി നീട്ടി. ഉപദേശകസമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും കുംബ്ലെ തുടരാനാണ് ആഗ്രഹിച്ചതെങ്കിലും ഒടുവില്‍ കോലിയുടെ ഇഷ്ടം തന്നെ ജയിച്ചു. ശാസ്ത്രി പരിശീലകനായി. കോലിയുടെ ഇഷ്ടത്തിനനുസരിച്ച് ശാസ്ത്രിയെ കോച്ച് ആക്കാമെങ്കില്‍ എന്തുകൊണ്ട് ഹര്‍മന്‍പ്രീത് പറയുന്നപോലെ രമേഷ് പവാറിനെ തന്നെ കോച്ച് ആക്കിക്കൂടാ എന്നും എഡുല്‍ജി വിനോദ് റായിക്ക് അയച്ച ഇമെയിലില്‍ ചോദിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് പരിശീലക സ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കി കുംബ്ലെ പടിയിറങ്ങിയത്. കോച്ച് എന്ന നിലയില്‍ കുംബ്ലെയുടെ ഹെഡ്‌മാസ്റ്റര്‍ ശൈലി കോലിക്കും ടീം അംഗങ്ങള്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം.