ധാംബുള്ള: വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച രണ്ട് ഇന്നിംഗ്സുകളിലൂടെ എംഎസ് ധോണി ടീമിലെ നഷ്ടപ്രതാപം വീണ്ടെടുത്തിരിക്കുന്നു. ടീമിലെ ധോണിയുടെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പട്ട സ്ഥാനത്ത് ഇപ്പോള്‍ ധോണി ലോകകപ്പ് വരെ കളിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതലും. ടീമിന്റെ പരിശീലന ക്യമ്പിലും കഴിഞ്ഞ ദിവസം ധോണി പ്രഭാവം പ്രകടമായിരുന്നു.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനുശേഷം നെറ്റ്സില്‍ പരിശീലനത്തിനെത്തിയ ധോണിയെ ക്യാപ്റ്റന്‍ വിരാട് കോലി സ്വീകരിച്ചത് വ്യത്യസ്തമായ രീതിയിലായിരുന്നു. സിക്സറടിച്ച് പരിശീലിക്കുകയായിരുന്ന കോലി, ധോണി നെറ്റ്സിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ടിനുശേഷമുള്ള ബാറ്റ് ചുഴറ്റലുമായാണ് എതിരേറ്റത്.

രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ ധോണിയുടെ ഇന്നിംഗ്സുകളാണ് കരകയറ്റിയത്. രണ്ടാം മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറുമൊത്ത് സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയ ധോണി മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മയുമൊത്ത് സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായി.